അബ്ദുന്നാസർ മഅദനി പ്രതിയായ ബംഗളുരു സ്ഫോടന കേസ് നാല് മാസത്തിനകം വിധി പറയണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: അബ്ദുന്നാസർ മഅദനി പ്രതിയായ ബംഗളുരു സ്ഫോടന കേസിൽ നാല് മാസത്തിനകം വിചാരണ കോടതി വിധിപറയണമെന്ന് സുപ്രീംകോടതി. അന്തിമ വാദം പൂർത്തിയാക്കി നാല് മാസത്തിനകം വിധി പറയണമെന്ന് ജസ്റ്റിസ് എംഎം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് വിചാരണ കോടതിക്ക് നിർദേശം നൽകിയത്.

കേസിലെ മറ്റൊരു പ്രതി താജുദ്ധീൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. പതിനാറ് വർഷമായി വിചാരണ പൂർത്തിയാക്കാതെ താൻ ജയിലിലാണെന്ന് ചൂണ്ടിക്കാട്ടി താജുദ്ധീൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പിന്നാലെ ഹരജി പരിഗണിച്ച കോടതി അന്തിമവാദങ്ങൾ പൂർത്തിയാക്കി വിധി പറയണമെന്ന് നിർദേശം നൽകുകയായിരുന്നു. 2008 ൽ ബംഗളുരുവിൽ നടന്ന സ്ഫോടന പരമ്പരകളിൽ 31ാം പ്രതിയാണ് മഅദനി. താജുദ്ധീൻ കേസിലെ 28ാം പ്രതിയാണ്.

കേസിലെ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയായിരുന്ന മഅദനി ജാമ്യത്തിലാണ്. രോഗിയായ അദ്ദേഹം സുപ്രീം കോടതി നൽകിയ ജാമ്യത്തിൽ കേരളത്തിൽ ചികിത്സയിലാണ്.

 

Related Articles

- Advertisement -spot_img

Latest Articles