കൊല്ലത്ത് ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: 21-കാരൻ അറസ്റ്റിൽ, കൂട്ടുപ്രതിക്കായി തിരച്ചിൽ

കൊല്ലം: കൊല്ലം കടയ്ക്കലിൽ ഏഴ് വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 21-കാരനെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കാവൂർ കോവൂർ സ്വദേശിയായ സച്ചുവാണ് പോലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള കടുത്ത പോക്‌സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട രണ്ടാം പ്രതിയായ കോവൂർ സ്വദേശി അലൻ നിലവിൽ ഒളിവിലാണ്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയങ്ങളിലാണ് പ്രതികൾ കുട്ടിയെ തുടർച്ചയായി പീഡനത്തിന് ഇരയാക്കിയിരുന്നത്. കഴിഞ്ഞ ഒരു വർഷത്തോളമായി കുട്ടി ഇവരുടെ അതിക്രമങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. കഴിഞ്ഞ ദിവസം പ്രതികൾ കുട്ടിയോട് വീണ്ടും അതിക്രമം കാണിക്കുന്നത് ബന്ധുക്കളിൽ ഒരാൾ നേരിട്ട് കണ്ടതോടെയാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തറിയുന്നത്. തുടർന്ന് ബന്ധുക്കൾ ചൈൽഡ് ലൈനിലും കടയ്ക്കൽ പോലീസിലും പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ സച്ചുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒളിവിലുള്ള പ്രതി അലനെ ഉടൻ തന്നെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles