ബെയ്റൂത്ത്: വെടിനിർത്തൽ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ തെക്കൻ ലബനനിൽ ഇസ്രായേൽ സൈന്യവും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടൽ കടുക്കുന്നു. ശനിയാഴ്ച പുലർച്ചെ തെക്കൻ ലബനനിലെ നബാതിയ മേഖലയിലുള്ള ഖ്ഫാർ തെബ്നിത് ഗ്രാമത്തിൽ ഹിസ്ബുള്ള നടത്തിയ കടുത്ത റോക്കറ്റ്-ഡ്രോൺ ആക്രമണത്തിൽ ഒരു ഇസ്രായേൽ സൈനികൻ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. കമാൻഡോ ബ്രിഗേഡിലെ മഗ്ലാൻ യൂണിറ്റ് അംഗമായ സെർജന്റ് ഫസ്റ്റ് ക്ലാസ് നിർ ബെൻ അാരി (21) ആണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ മാധ്യമമായ ‘ദി ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ 13 സൈനികരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.
നബാതിയയ്ക്ക് സമീപമുള്ള അലി താഹെർ മലനിരകൾക്ക് താഴെയുള്ള ഹിസ്ബുള്ളയുടെ അത്യാധുനികവും തന്ത്രപ്രധാനവുമായ ഭൂഗർഭ സൈനിക താവളം പിടിച്ചെടുക്കാനായി ഇസ്രായേൽ സൈന്യം നടത്തുന്ന പ്രത്യേക ഓപ്പറേഷനിടെയാണ് ഈ കനത്ത തിരിച്ചടിയുണ്ടായത്. ഈ ഭൂഗർഭ താവളം ലക്ഷ്യമാക്കി വ്യാഴം, വെള്ളി ദിവസങ്ങളിൽ നടന്ന കടുത്ത പോരാട്ടങ്ങളിൽ ഒരു ലഫ്റ്റനന്റ് കേണൽ ഉൾപ്പെടെ നാല് ഇസ്രായേൽ സൈനികർ നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച പുലർച്ചെ 1:30 ഓടെ ഇതേ മേഖലയിൽ വെച്ച് ഇസ്രായേൽ സൈനിക സ്ഥാനങ്ങൾക്ക് നേരെ ഹിസ്ബുള്ളയുടെ ഭാഗത്തുനിന്നും റോക്കറ്റുകളുടെയും സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകളുടെയും ശക്തമായ ആക്രമണമുണ്ടായത്.
മേഖലയിൽ പുതിയ വെടിനിർത്തൽ ധാരണകൾ നിലനിൽക്കുന്നുണ്ടെങ്കിലും, തങ്ങൾ പ്രഖ്യാപിച്ച ‘സുരക്ഷാ മേഖലയ്ക്കുള്ളിൽ’ ഹിസ്ബുള്ളയുടെ ഭീഷണികൾ ഇല്ലാതാക്കാൻ സൈനിക നടപടികൾ തുടരുമെന്നാണ് ഇസ്രായേലിന്റെ നിലപാട്. എന്നാൽ ഇസ്രായേൽ വെടിനിർത്തൽ കരാർ ലംഘിച്ച് തങ്ങളുടെ രാജ്യത്തേക്ക് അധിനിവേശം നടത്തുകയാണെന്നും അതിനെതിരെ ശക്തമായ പ്രതിരോധം തുടരുമെന്നും ഹിസ്ബുള്ളയും വ്യക്തമാക്കുന്നു. ഈ പുതിയ സൈനിക നാശനഷ്ടങ്ങൾ പശ്ചിമേഷ്യൻ സമാധാന ശ്രമങ്ങളെയും വരാനിരിക്കുന്ന നയതന്ത്ര ചർച്ചകളെയും വീണ്ടും അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്



