ഹഫർ അൽ ബാത്തിൻ: സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തിനിലെ ഒറ്റപ്പെട്ട മരുഭൂമിയിൽ സ്പോൺസറുടെ ക്രൂരമായ ശാരീരിക പീഡനങ്ങൾക്കും മർദ്ദനങ്ങൾക്കും ഇരയായി കഴിഞ്ഞിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ ആട്ടിടയൻ കിസ്മത്ത് അൻസാരിയെ ഒടുവിൽ ദുരിതക്കയത്തിൽ നിന്നും രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു. ഹഫർ അൽ ബാത്തിൻ നഗരത്തിൽ നിന്നും 130 കിലോമീറ്ററിലധികം അകലെയുള്ള വിജനമായ മരുഭൂമിയിൽ കഴിഞ്ഞ ഏഴ് മാസമായി ഇദ്ദേഹം അതിക്രൂരമായ സാഹചര്യത്തിലാണ് ജീവിച്ചിരുന്നത്. നിരന്തരമായ മർദ്ദനത്തെ തുടർന്ന് കിസ്മത്ത് അൻസാരിയുടെ ശരീരമാസകലം ഗുരുതരമായ പരിക്കുകളും പാടുകളും ഉണ്ടായിരുന്നു. മർദ്ദനമേറ്റ ദയനീയ ചിത്രങ്ങൾ കണ്ടതോടെ ആശങ്കയിലായ കുടുംബം ഒടുവിൽ സൗദിയിലെ ഇന്ത്യൻ എംബസിയെ സമീപിച്ച് ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു.
വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട ഇന്ത്യൻ എംബസി അടിയന്തരമായി ഇടപെടുകയും നിയമനടപടികൾ ഏകോപിപ്പിക്കുന്നതിനായി ഒ.ഐ.സി.സി (OICC) ഹഫർ അൽ ബാത്തിൻ പ്രസിഡന്റ് വിബിൻ മറ്റത്തിനെ നിയമപരമായി ചുമതലപ്പെടുത്തുകയും ചെയ്തു. തുടർന്ന് വിബിൻ മറ്റത്ത് ബന്ധപ്പെട്ട പോലീസ് അധികാരികൾക്ക് സ്പോൺസർക്കെതിരെ ഔദ്യോഗികമായി പരാതി നൽകി. പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശപ്രകാരം വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ ഒ.ഐ.സി.സി ഭാരവാഹികളായ ട്രഷറർ റാഫി പരതൂർ, വൈസ് പ്രസിഡന്റ് ജിതേഷ് തെരുവത്ത് എന്നിവർ നൂറിലധികം കിലോമീറ്റർ ദൂരെയുള്ള വന്യമായ മരുഭൂമി മേഖലയിലേക്ക് യാത്ര തിരിക്കുകയും കടുത്ത പ്രതിസന്ധികൾ തരണം ചെയ്ത് കിസ്മത്ത് അൻസാരിയെ കണ്ടെത്തുകയുമായിരുന്നു. അവിടെ നിന്നും ഇദ്ദേഹത്തെ സംഘം സുരക്ഷിതമായി രക്ഷപ്പെടുത്തി നഗരത്തിൽ എത്തിച്ചു.
രക്ഷപ്പെടുത്തിയതിന് ശേഷം സ്പോൺസർക്കെതിരായ പോലീസ് അന്വേഷണവും യാത്രാരേഖകളുടെ ക്രമീകരണവും ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒരാഴ്ചയോളം സമയമെടുത്തു. ഈ കാലയളവിൽ കിസ്മത്ത് അൻസാരിക്ക് ആവശ്യമായ താമസം, ഭക്ഷണം, യാത്രാ സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിൽ ജിതേഷ് തെരുവത്ത്, റാഫി പരതൂർ, സമദ് കരുനാഗപ്പള്ളി, ജംഷാദ് അലി എന്നിവർ നിർണ്ണായക പങ്ക് വഹിച്ചു. ഒപ്പം ഹഫർ അൽ ബാത്തിനിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി സാമൂഹിക പ്രവർത്തകരും പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. എല്ലാ നിയമനടപടികളും വിജയകരമായി പൂർത്തിയാക്കിയതോടെ ഇദ്ദേഹത്തെ സുരക്ഷിതമായി ഇന്ത്യയിലേക്ക് മടക്കി അയച്ചു. ഇന്ത്യൻ എംബസിയുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സാമൂഹിക പ്രവർത്തകരുടെയും ഒത്തൊരുമിച്ചുള്ള കഠിനാധ്വാനത്തിന്റെ ഫലമായാണ് ഒരു പ്രവാസിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. തങ്ങളെ സഹായിച്ച എല്ലാ നല്ല മനസ്സുകൾക്കും കിസ്മത്ത് അൻസാരിയും കുടുംബവും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.



