റിയാദിൽ വീണ്ടുമൊരു മെഡിക്കൽ അത്ഭുതം; ഒലിവിയും ജിയാനയും ഇനീ രണ്ടായി ജീവിക്കും

റിയാദ്: നെഞ്ചും വയറും ഒട്ടിച്ചേർന്ന നിലയിൽ ജനിച്ച ഫിലിപ്പീൻസിൽ നിന്നുള്ള ഒലിവിയ, ജിയാന എന്നീ രണ്ട് വയസ്സുകാരികളായ പെൺകുട്ടികളെ സൗദി അറേബ്യയിലെ വിദഗ്ദ്ധ ശസ്ത്രക്രിയാ സംഘം വിജയകരമായി വേർപെടുത്തി. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും പ്രത്യേക നിർദ്ദേശപ്രകാരം റിയാദിലെ കിംഗ് അബ്ദുള്ള സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ വെച്ചാണ് ഈ അതീവ സങ്കീർണ്ണമായ ശസ്ത്രക്രിയ നടന്നത്. ആറ് ഘട്ടങ്ങളിലായി നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയയുടെ അഞ്ചാം ഘട്ടത്തിലാണ് 22 മെഡിക്കൽ വിദഗ്ദ്ധരടങ്ങുന്ന സംഘം കുഞ്ഞുങ്ങളെ പരസ്പരം വേർപെടുത്തുന്നതിൽ പൂർണ്ണ വിജയം കണ്ടത്. ഏതാണ്ട് എട്ട് മണിക്കൂറോളം നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഈ ശസ്ത്രക്രിയയിലൂടെ ആഗോളതലത്തിൽ ഒട്ടുകൂടിയ ഇരട്ടകളെ വേർപെടുത്തുന്ന രംഗത്ത് സൗദി അറേബ്യ തങ്ങളുടെ മേധാവിത്വം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.

ഫിലിപ്പീൻസിലെ നുവേവ എസിജ സ്വദേശികളായ ജിനാലിൻ മാനുവലിന്റെ മക്കളായ ഈ പെൺകുട്ടികൾ 2024 ഏപ്രിലിലാണ് ‘ഓംഫാലോപാഗസ്’ (നെഞ്ചും വയറും ഒട്ടിച്ചേരുന്ന അവസ്ഥ) എന്ന അപൂർവ്വ അവസ്ഥയോടെ ജനിച്ചത്. തുടർന്ന് ഈ വർഷം ആദ്യമാണ് ഇവരെ സൗദിയുടെ ലോകപ്രശസ്തമായ ‘കോൺജോയിന്റ് ട്വിൻസ് പ്രോഗ്രാമിൽ’ ഉൾപ്പെടുത്തി കൂടുതൽ ചികിത്സയ്ക്കായി റിയാദിൽ എത്തിച്ചത്. കുട്ടികളുടെ ജനനം മുതൽ തങ്ങൾ അനുഭവിച്ചിരുന്ന കഠിനമായ വേദനകളെക്കുറിച്ചും, ഈ വേർപെടുത്തലിലൂടെ തങ്ങളുടെ മക്കൾക്ക് മറ്റുള്ള കുട്ടികളെപ്പോലെ ഓടിച്ചാടി നടക്കാനും സാധാരണ ജീവിതം നയിക്കാനും സാധിക്കുമെന്ന വലിയ പ്രതീക്ഷയിലാണെന്നും ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി അമ്മ ജിനാലിൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് ഈ വലിയ ചികിത്സാച്ചെലവ് താങ്ങാനാകുമായിരുന്നില്ലെന്നും സൗദി സർക്കാരിന്റെ സഹായം വാക്കുകൾക്ക് അപ്പുറമാണെന്നും അവർ കൂട്ടിച്ചേർത്തു.

ലോകപ്രശസ്ത പീഡിയാട്രിക് സർജനും സൗദി കോൺജോയിന്റ് ട്വിൻസ് പ്രോഗ്രാമിന്റെ തലവനുമായ ഡോ. അബ്ദുള്ള അൽ റബീയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ദൗത്യം നിർവ്വഹിച്ചത്. 1990 മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം ഒട്ടുകൂടിയ കുട്ടികളെ വേർപെടുത്തിയ ചരിത്രമാണ് ഈ മെഡിക്കൽ സംഘത്തിനുള്ളത്. ശസ്ത്രക്രിയയ്ക്ക് ശേഷവും കുട്ടികൾ റിയാദിലെ ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിൽ തുടരും. ഇതിൽ ജിയാന എന്ന കുട്ടിക്ക് ജന്മനാ ചില ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളതിനാൽ, നാട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് ഒരു ഹൃദയ ശസ്ത്രക്രിയ കൂടി റിയാദിൽ വെച്ച് നടത്തേണ്ടതുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. സൗദി കോൺജോയിന്റ് ട്വിൻസ് പ്രോഗ്രാമിലൂടെ വിജയകരമായി വേർപെടുത്തപ്പെടുന്ന നാലാമത്തെ ഫിലിപ്പീൻസ് ഇരട്ടകളാണ് ഒലിവിയയും ജിയാനയും. ഇതിന് മുൻപ് 2004-ൽ ആനും മേയും, 2024-ൽ അഖിസയും അയീഷയും, കൂടാതെ ഈ വർഷം ആദ്യം ക്ലിയ, മോറിസ് ആൻ എന്നിവരെയും സൗദി വിജയകരമായി വേർപെടുത്തിയിരുന്നു.

Related Articles

- Advertisement -spot_img

Latest Articles