കോഴിക്കോട്: മുസ്ലിം സമുദായത്തിന് അനുവദിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംബന്ധിച്ച് ഉയർന്നുവരുന്ന വ്യാജ ആരോപണങ്ങളിൽ വ്യക്തത വരുത്താൻ സർക്കാർ ധവളപത്രം പുറത്തിറക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. സമുദായത്തിന് അനർഹമായത് എന്തോ ലഭിക്കുന്നു എന്ന തരത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആവശ്യം. മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ സ്വർണ്ണക്കടത്ത് നടക്കുന്നുവെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ വിവേചനം ഉണ്ടെന്നുമുള്ള സംഘ്പരിവാർ ശൈലിയിലുള്ള പ്രസ്താവനകൾ ദൗർഭാഗ്യകരമാണെന്നും സംഘടന കുറ്റപ്പെടുത്തി.
സമുദായ നേതാക്കൾ ഇത്തരത്തിൽ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് വിദ്വേഷ രാഷ്ട്രീയത്തിന് വളമിടുന്നതിന് തുല്യമാണ്. പൊതുസമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ നീക്കാൻ ഓരോ സമുദായത്തിനും അനുവദിച്ച എയ്ഡഡ്, അൺഎയ്ഡഡ് സ്ഥാപനങ്ങളുടെ കൃത്യമായ കണക്കുകൾ സർക്കാർ പുറത്തുവിടണം. സത്യസന്ധമായ കണക്കുകൾ പുറത്തുവന്നാൽ മാത്രമേ ഈ വർഗീയ പ്രചാരണങ്ങൾക്ക് അറുതിയാകൂ എന്നും മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. നീതിപൂർവ്വമായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെങ്കിൽ ഇത്തരം വിവാദങ്ങളിൽ മൗനം വെടിയണമെന്നും സംഘടന ആവശ്യപ്പെട്ടു.



