കാന്തപുരത്തിനെതിരെ വ്യാജ പ്രചാരണം; പത്തിലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പരാതി

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ വസ്തുതാവിരുദ്ധവും അപകീർത്തികരവുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി. കാന്തപുരത്തിന്റെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് അദ്ദേഹം തന്നെ മുൻപ് പറഞ്ഞതെന്ന വ്യാജേന തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതകൾക്ക് നിരക്കാത്തതുമായ പോസ്റ്ററുകളും വീഡിയോകളും ചിലർ ബോധപൂർവ്വം പ്രചരിപ്പിക്കുകയായിരുന്നു. ഇത്തരത്തിൽ വ്യാജ വാർത്തകൾ നിർമ്മിച്ച് നൽകിയ പത്തിലധികം വരുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയും അവ വ്യാപകമായി പങ്കുവെച്ചവർക്കെതിരെയും ആഭ്യന്തര മന്ത്രി, സംസ്ഥാന പൊലീസ് മേധാവി, കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ, കുന്ദമംഗലം പൊലീസ് സ്റ്റേഷൻ എന്നിവടങ്ങളിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.

മർകസ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് ജോയിന്റ് ഡയറക്ടർ ഷമീം കെ.കെ. ആണ് ഈ വിഷയത്തിൽ അധികൃതർക്ക് നേരിട്ട് പരാതി നൽകിയത്. ഇല്ലാത്ത കാര്യങ്ങൾ കെട്ടിച്ചമച്ചുള്ള ഇത്തരം വ്യാജ പ്രചാരണങ്ങളിലൂടെ സമൂഹത്തിൽ വിദ്വേഷവും അപകീർത്തിയും പരത്താൻ ശ്രമിക്കുന്ന കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. കൂടാതെ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി തുടർന്നും ഉണ്ടാകാൻ സാധ്യതയുള്ള ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ കർശനമായി തടയണമെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചുള്ള കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും പരാതിയിലൂടെ മർകസ് അധികൃതർ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles