റിയാദ്: പ്രവാസലോകത്തിന്റെ കരുതലും കാരുണ്യവും നാടിന് സമർപ്പിച്ചുകൊണ്ട്, കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രമാക്കിയുള്ള റിയാദ് ഐ.സി.എഫ് ആംബുലൻസ് സേവനത്തിന് ഔദ്യോഗിക തുടക്കമായി. കോഴിക്കോട് ജില്ലയ്ക്ക് പുറമെ പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ തുടങ്ങിയ വിവിധ മലബാർ ജില്ലകളിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് എത്തുന്ന സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് ഈ സംരംഭം വലിയൊരു ആശ്വാസമാകും. ചികിത്സയ്ക്കിടെ നിർഭാഗ്യവശാൽ മരണപ്പെടുന്ന നിർധനരായ രോഗികളുടെ മൃതദേഹങ്ങൾ തികച്ചും സൌജന്യമായി സ്വദേശങ്ങളിലെത്തിക്കാൻ ഈ ആംബുലൻസ് സർവീസ് ഏറെ തുണയാകും. മലബാറിലെ ഉൾനാടൻ ഗ്രാമപ്രദേശങ്ങളിലെ ഇടുങ്ങിയ വഴികളിലൂടെയും വീതി കുറഞ്ഞ റോഡുകളിലൂടെയും തികച്ചും സുഗമമായി സഞ്ചരിക്കാൻ കഴിയുന്ന രീതിയിലാണ് ആധുനിക ഒക്സിജൻ സൗകര്യങ്ങളോടുകൂടിയ ഈ പുതിയ ആംബുലൻസ് സജ്ജമാക്കിയിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ കൃത്യസമയത്ത് രോഗികളെ ആശുപത്രിയിലെത്തിക്കാനും ആവശ്യാനുസരണം സുരക്ഷിതമായി തിരികെ വീടുകളിലേക്ക് മാറ്റാനും ഓക്സിജൻ സംവിധാനമുള്ള ഈ ആംബുലൻസ് സേവനം ഏറെ സഹായകരമാകുമെന്ന് റിയാദ് ഐസിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഈയൊരു ബൃഹത്തായ ആംബുലൻസ് പദ്ധതിക്കായുള്ള ധനസഹായം കഴിഞ്ഞ ഏപ്രിൽ ഒന്നിന് കോഴിക്കോട് മർകസിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് ഐ.സി.എഫ് റിയാദ് റീജിയൻ ഭാരവാഹികൾ ഔദ്യോഗികമായി കൈമാറിയിരുന്നു. പ്രവാസി സമൂഹത്തിന് നാടിനോടുള്ള ജീവകാരുണ്യ പ്രതിബദ്ധതയുടെ മറ്റൊരു ശ്രദ്ധേയമായ മാതൃകയായാണ് ഇപ്പോൾ ഈ സംരംഭം വിലയിരുത്തപ്പെടുന്നത്. സംസ്ഥാന സെക്രട്ടറി എ.പി. അബ്ദുൽ ഹകീം അസ്ഹരി പുതിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. ഈ പ്രൗഢമായ ചടങ്ങിൽ പ്രമുഖ എസ്.വൈ.എസ് നേതാക്കളായ മുഹമ്മദ് ഫാറൂഖ് നഈമി, റഹ്മത്തുള്ള സഖാഫി എളമരം, മജീദ് കക്കാട്, ഇബ്രാഹീം സഖാഫി താത്തൂർ, നാസർ മാസ്റ്റർ ചെറുവാടി എന്നിവരും ഐ.സി.എഫ് നാഷണൽ പ്രസിഡന്റ് അബ്ദുൽ റഷീദ് സഖാഫി മുക്കം, ഐ.സി.എഫ് റിയാദ് റീജിയൻ ഭാരവാഹികളായ അബ്ദുൽ റഹ്മാൻ സഖാഫി, ഹുസൈനാർ ഹാറൂനി, മുജീബ് അണ്ടോണ, ജമാൽ, സമദ് സഖാഫി തുടങ്ങി നിരവധി വിശിഷ്ട വ്യക്തിത്വങ്ങളും സംബന്ധിക്കുകയുണ്ടായി.
ആംബുലൻസിന്റെ തുടർന്നുള്ള ദൈനംദിന പ്രവർത്തനങ്ങളുടെ ഏകോപനവും പൂർണ്ണമായ മേൽനോട്ടവും എസ്.വൈ.എസ് കോഴിക്കോട് ജില്ലാ സ്വാന്തനം സമിതിയായിരിക്കും നിർവഹിക്കുക. ജില്ലാ കമ്മിറ്റി മുന്നോട്ട് വെക്കുന്ന കൃത്യമായ മാർഗനിർദേശങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിധേയമായിട്ടായിരിക്കും ഇതിന്റെ ഓരോ സർവീസുകളും ജനങ്ങൾക്കായി ക്രമീകരിക്കുക. അർഹരായ രോഗികൾക്ക് സുരക്ഷിതവും സമയബന്ധിതവുമായ യാത്രാസൗകര്യം ഉറപ്പാക്കുക എന്ന ഉദാത്തമായ ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം, ഐ.സി.എഫ് റിയാദ് റീജിയൻ വർഷങ്ങളായി നടത്തിവരുന്ന വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറ്റൊരു സുപ്രധാന തുടർച്ചയാണ്.
നിർധനർക്കായുള്ള ‘ദാറുൽ ഖൈർ’ ഭവനപദ്ധതി, ‘സ്നേഹസ്പർശം’ മുൻപ്രവാസി പെൻഷൻ പദ്ധതി, മരണപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് താങ്ങാകുന്ന PFRF (പ്രവാസി ഫാമിലി റിലീഫ് ഫണ്ട്) പദ്ധതി, ഗൾഫിൽ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാസഹായം തുടങ്ങി നിരവധി ക്ഷേമപദ്ധതികൾ സംഘടന വിജയകരമായി നടപ്പാക്കി വരുന്നുണ്ട്. ഇതിനുപുറമെ നിലവിൽ ഓരോ മാസവും ഗുരുതര രോഗബാധിതരായ ഒട്ടനവധി രോഗികൾക്ക് അടിയന്തര ചികിത്സാ സഹായവും സംഘടന നൽകുന്നുണ്ട്. ഒരു വാഹനത്തിന്റെ സമർപ്പണം എന്നതിലുപരി ജീവൻ രക്ഷിക്കാനുള്ള സാമൂഹിക ഉത്തരവാദിത്തത്തിന്റെ പ്രതീകമായ ഈ പദ്ധതി മലബാറിലെ ആയിരക്കണക്കിന് സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയ പ്രതീക്ഷയും ആശ്വാസവും പകരുന്ന ഒന്നായി മാറുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.
റിയാദ് ഐസിഎഫ് പ്രസിഡൻറ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി, ജനറൽ സെക്രട്ടറി ഇബ്രാഹിം കരീം വെന്നിയൂർ, ഫിനാൻസ് സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ, അൽ ഖുദ്‌സ് കൺവീനർ ഫൈസൽ മമ്പാട്, ക്ഷേമകാര്യ സെക്രട്ടറി അബ്ദുൽ ജബ്ബാർ കുനിയിൽ, പി ആർ ആൻഡ് മീഡിയ സെക്രട്ടറി അബ്ദുൽ ഖാദർ പള്ളിപ്പറമ്പ് എന്നിവർ വാർത്താ സമ്മേളത്തിൽ പങ്കെടുത്തു.



