കൊച്ചി: സ്കൂട്ടറിലെത്തി മാലപിടിച്ചുപറിച്ചെന്ന കള്ളക്കേസിൽ കുടുക്കി പ്രവാസിയെ 54 ദിവസം ജയിലിലടച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനും പൊലീസിനുമെതിരെ ഹൈക്കോടതിയുടെ കർശന നടപടി. കണ്ണൂർ കതിരൂർ സ്വദേശി താജുദ്ദീനാണ് നീതി ലഭിച്ചത്. താജുദ്ദീന് പത്ത് ലക്ഷം രൂപയും അദ്ദേഹത്തിന്റെ ഭാര്യക്കും മക്കൾക്കും ഓരോ ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ജീവിക്കാനുള്ള അവകാശത്തിന്റെയും നഗ്നമായ ലംഘനമാണ് താജുദ്ദീൻ നേരിട്ടതെന്ന് കോടതി നിരീക്ഷിച്ചു. 2018-ൽ മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയപ്പോഴാണ് സി.സി.ടി.വി ദൃശ്യങ്ങളിലെ പ്രതിയുമായുള്ള രൂപസാദൃശ്യം മാത്രം കണക്കിലെടുത്ത് ചക്കരക്കല്ല് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
താൻ നിരപരാധിയാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ശാസ്ത്രീയ തെളിവുകൾ ഹാജരാക്കിയിട്ടും പൊലീസ് താജുദ്ദീനെ വിട്ടയച്ചിരുന്നില്ല. പിന്നീട് നടന്ന അന്വേഷണത്തിലാണ് യഥാർത്ഥ പ്രതിയായ ശരത് വത്സരാജിനെ പിടികൂടിയത്. പൊലീസിന്റെ അനാസ്ഥ കാരണം ഖത്തറിലെ ബിസിനസ് തകരുകയും അവിടെയും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്തതായി താജുദ്ദീന്റെ കുടുംബം പറഞ്ഞു. ഈ വിധിയിലൂടെ നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഇനിയൊരു നിരപരാധിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും താജുദ്ദീൻ പ്രതികരിച്ചു. കേസന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നേരത്തെ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു.



