തിരഞ്ഞെടുപ്പ് ജയിക്കാൻ പശുവിനെ കൊന്ന് മുസ്ലിം യുവാക്കളെ കുടുക്കാൻ ശ്രമം; യുപിയിൽ 3 പേർ അറസ്റ്റിൽ

ലഖ്നൗ: ഉത്തർപ്രദേശിൽ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണത്തിലൂടെ വിജയം ഉറപ്പാക്കാൻ മുസ്ലിം യുവാക്കളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച വൻ ഗൂഢാലോചന പോലീസ് പൊളിച്ചു. പശുവിനെ കൊന്ന് അതിന്റെ കുറ്റം ഗ്രാമത്തിലെ മുസ്ലിം യുവാക്കളുടെ മേൽ കെട്ടിവെക്കാൻ ആസൂത്രണം ചെയ്ത സംഭവത്തിൽ യു.പിയിലെ ഒരു ഗ്രാമത്തലവൻ (പ്രധാൻ) ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സമുദായങ്ങൾക്കിടയിൽ മനഃപൂർവ്വം സംഘർഷം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പുകളുമായി ചേർന്നാണ് പ്രതികൾ ഈ ക്രൂരമായ കൃത്യം നിർവ്വഹിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

ഗ്രാമത്തിലെ ഒരു വിജനമായ സ്ഥലത്ത് വെച്ച് പശുവിനെ അറുത്ത ശേഷം, ഇത് ചെയ്തത് പ്രദേശത്തെ ചില മുസ്ലിം യുവാക്കളാണെന്ന് ആരോപിച്ച് പ്രതികൾ തന്നെയാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് നാടകീയമായി ഇവർ വലിയ പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിച്ചിരുന്നു. എന്നാൽ സംഭവം നടന്ന ദിവസത്തെ പ്രതികളുടെ മൊബൈൽ ഫോൺ ലൊക്കേഷനുകളും കോൾ റെക്കോർഡുകളും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് ഗൂഢാലോചനയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പ്രതികൾ പരാതിയിൽ പരാമർശിച്ച മുസ്ലിം യുവാക്കൾക്ക് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും, കഴിഞ്ഞ ഒരു മാസമായി അവർ ആ പ്രദേശത്തേക്ക് പോയിട്ടുകൂടിയില്ലെന്നും പോലീസ് കണ്ടെത്തി.

പ്രതികൾക്കെതിരെ യു.പി ഗോവധ നിരോധന നിയമപ്രകാരവും മതവികാരം വ്രണപ്പെടുത്തൽ, വ്യാജരേഖ ചമയ്ക്കൽ, സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ തുടങ്ങിയ കടുത്ത വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പശുവിന്റെ പേരിൽ വ്യാജ അതിക്രമങ്ങളും ‘ഫോൾസ് ഫ്ലാഗ്’ ഓപ്പറേഷനുകളും നടത്തുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, യു.പി പോലീസിന്റെ ഈ സമയോചിതമായ ഇടപെടൽ വലിയൊരു വർഗീയ കലാപ സാധ്യതയാണ് ഒഴിവാക്കിയത്. കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles