സ്വിസ് ചർച്ചകളിൽ ഇറാന് വൻ സാമ്പത്തിക വിജയം; മരവിപ്പിച്ച കോടിക്കണക്കിന് ഡോളർ മോചിപ്പിക്കും, എണ്ണ ഉപരോധവും നീക്കി

ടെഹ്റാൻ: സ്വിറ്റ്‌സർലൻഡിൽ വെച്ച് നടന്ന യു.എസ് – ഇറാൻ ചർച്ചകളിൽ ഇറാന് ഉടനടി വലിയ സാമ്പത്തിക നയതന്ത്ര വിജയം കൈവരിക്കാനായതായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബഫ്. ഔദ്യോഗിക മാധ്യമങ്ങൾക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ്, ചർച്ചകളുടെ അടിസ്ഥാനത്തിൽ ഒപ്പുവെച്ച ധാരണാപത്രത്തിലെഏറ്റവും നിർണ്ണായകമായ സാമ്പത്തിക കരാറുകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്. വിദേശ ബാങ്കുകളിൽ അമേരിക്ക മരവിപ്പിച്ചു നിർത്തിയിരുന്ന ഇറാന്റെ വൻ സാമ്പത്തിക ആസ്തികൾ മോചിപ്പിക്കുന്നതിനും രാജ്യത്തിന്റെ എണ്ണ കയറ്റുമതിക്ക് മേലുള്ള ഉപരോധങ്ങൾ താൽക്കാലികമായി നീക്കുന്നതിനും ചർച്ചയിലൂടെ സാധിച്ചതായി അദ്ദേഹം വ്യക്തമാക്കി.

ധാരണാപത്രത്തിലെ 11-ാം വകുപ്പ് പ്രകാരം വിദേശത്ത് മരവിപ്പിക്കപ്പെട്ട ഇറാന്റെ ആസ്തികളിൽ നിന്നും 6 ബില്യൺ ഡോളർ (600 കോടി ഡോളർ) വീതമുള്ള രണ്ട് പ്രത്യേക തുകകൾ ഇറാന് തിരികെ ലഭിക്കും. ഇതിനായുള്ള പ്രാഥമിക ചർച്ചകളും ക്രമീകരണങ്ങളും നേരത്തെ നടത്തിയ ഖത്തർ സന്ദർശന വേളയിൽ തന്നെ പൂർത്തിയായിരുന്നുവെന്നും, ഇപ്പോൾ നടന്ന സ്വിറ്റ്‌സർലൻഡ് സന്ദർശനത്തിലാണ് ഇതിന്റെ അന്തിമ കരാറിൽ ഒപ്പുവെച്ചതെന്നും ഘാലിബഫ് സ്ഥിരീകരിച്ചു. ചർച്ചാ വേദിയിൽ മറ്റ് രാഷ്ട്രീയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഇത്രയും വലിയ തുക രാജ്യത്തേക്ക് തിരിച്ചെത്തിക്കാൻ കഴിഞ്ഞത് ഇറാന്റെ വലിയൊരു വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

ഇതിന് പുറമെ ബാങ്കിംഗ്, ഇൻഷുറൻസ്, ഗതാഗതം, അസംസ്കൃത എണ്ണ, പെട്രോകെമിക്കൽസ് എന്നിവയുടെ വിൽപ്പനയെ സംബന്ധിക്കുന്ന 10-ാം വകുപ്പിലും നിർണ്ണായകമായ തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ ഒരു അന്തിമ സമാധാന കരാറിലേക്ക് എത്തുന്നതുവരെ ഇറാന്റെ എണ്ണ കയറ്റുമതിക്ക് മേലുള്ള ഉപരോധങ്ങൾ യു.എസ് നീക്കിയിട്ടുണ്ട്. ഇത് അന്താരാഷ്ട്ര തലത്തിൽ തടസ്സങ്ങളില്ലാതെ എണ്ണ വിൽക്കാനും ബാങ്കിംഗ് ഇടപാടുകൾ സുഗമമാക്കാനും ഇറാനെ സഹായിക്കും. ഈ രണ്ട് സുപ്രധാന തീരുമാനങ്ങളും ധാരണാപത്രത്തിലൂടെ ഇറാന് ഉടനടി ലഭിച്ച വലിയൊരു നേട്ടമാണെന്ന് സ്പീക്കർ ഘാലിബഫ് ആവർത്തിച്ചു വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles