14.3 C
Saudi Arabia
Thursday, February 26, 2026
spot_img

സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി; ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,975 പേർ

റിയാദ്: സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരെ കണ്ടെത്താനായി നടത്തിയ വ്യാപക പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ 19,975 പേർ പിടിയിലായി. ജനുവരി അവസാനം നടന്ന വിവിധ സുരക്ഷാ റെയ്ഡുകളിലായാണ് ഇത്രയും പേർ അറസ്റ്റിലായതെന്ന് സൗദി പ്രസ് ഏജൻസി (SPA) റിപ്പോർട്ട് ചെയ്തു. പിടിക്കപ്പെട്ടവരിൽ 12,906 പേർ താമസ നിയമങ്ങൾ (Residency laws) ലംഘിച്ചവരും, 3,918 പേർ നിയമവിരുദ്ധമായി അതിർത്തി കടക്കാൻ ശ്രമിച്ചവരും, 3,151 പേർ തൊഴിൽ നിയമങ്ങൾ ലംഘിച്ചവരുമാണ്. അതിർത്തി കടക്കാൻ ശ്രമിച്ചവരിൽ 60 ശതമാനം എത്യോപ്യക്കാരും 39 ശതമാനം യമനികളുമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

നിയമലംഘകർക്ക് താമസസൗകര്യം ഒരുക്കുകയോ ഗതാഗത സഹായം നൽകുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാം. കൂടാതെ ഇവർ ഉപയോഗിച്ച വാഹനങ്ങളും വസ്തുവകകളും കണ്ടുകെട്ടുകയും ചെയ്യും. നിയമലംഘനങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവർ മക്ക, റിയാദ് മേഖലകളിൽ 911 എന്ന നമ്പരിലും മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996 എന്നീ നമ്പരുകളിലും അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. രാജ്യത്തിന്റെ സുരക്ഷയും നിയമവ്യവസ്ഥയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ കർശന നടപടികൾ തുടരുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles