കെ-റെയിൽ പദ്ധതി പൂർണ്ണമായും റദ്ദാക്കി; മഞ്ഞക്കുറ്റികൾ നീക്കാൻ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൻ രാഷ്ട്രീയ-സാമൂഹിക പ്രക്ഷോഭങ്ങൾക്ക് വഴിവെച്ച തിരുവനന്തപുരം-കാസർകോട് സിൽവർ ലൈൻ (കെ-റെയിൽ) പദ്ധതി സംസ്ഥാന സർക്കാർ പൂർണ്ണമായും റദ്ദാക്കി. പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ പുറപ്പെടുവിച്ച എല്ലാവിധ വിജ്ഞാപനങ്ങളും റദ്ദാക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ ലക്ഷ്യമിട്ട് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച പ്രിലിമിനറി വിജ്ഞാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ നടപടികളും ഇതോടെ അസാധുവാകും.

പദ്ധതിക്കെതിരെ സംസ്ഥാനവ്യാപകമായി നടന്ന ജനകീയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത പൊലീസ് കേസുകൾ പിൻവലിക്കാനുള്ള ശിപാർശ സമർപ്പിക്കാൻ ആഭ്യന്തര വകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകി. കൂടാതെ, പദ്ധതിയുടെ അതിരടയാളമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച മഞ്ഞക്കുറ്റികൾ അടിയന്തരമായി നീക്കം ചെയ്യാൻ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളിൽ വലിയ ആശങ്കയും ബുദ്ധിമുട്ടും സൃഷ്ടിച്ച ഈ അടയാളങ്ങൾ മാറ്റുന്നതോടെ ഭൂവുടമകളുടെ ആശങ്കകൾക്ക് പൂർണ്ണ പരിഹാരമാകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പദ്ധതിയുടെ സാമ്പത്തിക ബാധ്യതയും ജനങ്ങളുടെ കടുത്ത എതിർപ്പും കണക്കിലെടുത്താണ് സർക്കാർ ഇത്തരമൊരു തീരുമാനത്തിൽ എത്തിയത്. ഇതോടെ കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിലെ ഏറ്റവും വലിയ വികസന തർക്കമായി നിലനിന്ന കെ-റെയിൽ വിഷയത്തിന് ഔദ്യോഗികമായി വിരാമമായി. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് കെ-റെയിൽ വിരുദ്ധ സമരങ്ങൾക്ക് മുൻനിരയിൽ നിന്ന് നേതൃത്വം നൽകിയ വ്യക്തിയാണ് നിലവിലെ മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമസഭയിലും പുറത്തും പദ്ധതിക്കെതിരെ ശക്തമായ നിലപാടുകൾ ഉയർത്തിയിരുന്ന അദ്ദേഹം, സർക്കാർ അധികാരമേറ്റതിന് പിന്നാലെ പ്രഖ്യാപിച്ച വാഗ്ദാനം കൂടിയാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles