റിയാദ്: തൃശൂർ പഴയന്നൂർ പൊറ്റ സ്വദേശിയായ ഇബ്രാഹിം സിദ്ദീഖ് (58) സൗദി അറേബ്യയിലെ റിയാദിൽ നിര്യാതനായി. അർബുദ രോഗബാധയെ തുടർന്ന് ശുമൈസി കിങ് സഊദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. നേരത്തെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് അൽ ഇമാൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി രണ്ടാഴ്ച മുമ്പാണ് ശുമൈസി ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ 20 വർഷത്തിലേറെയായി റിയാദിൽ ഒരു ഇസ്തിറാഹയുടെ മേൽനോട്ടക്കാരനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. പരേതനായ ഇബ്രാഹിമിന്റെയും നബീസയുടെയും മകനാണ്. മുബീനയാണ് ഭാര്യ. സിയാദ്, സിനാൻ, ഷയാൻ, ഷഫ്ന എന്നിവർ മക്കളും റിയാദിലുള്ള അസീസ് സഹോദരനുമാണ്.
നിലവിൽ ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ആവശ്യമായ നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ സി.വി. ഇസ്മാഈൽ, നസീർ കണ്ണീരി, അബ്ദുറഹ്മാൻ ചേലമ്പ്ര, പരേതന്റെ സഹോദരൻ അസീസ്, തൃശൂർ ജില്ലാ കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് കുട്ടി, മറ്റ് ജില്ലാ ഭാരവാഹികൾ എന്നിവർ ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് രംഗത്തുണ്ട്.



