അൽ അഖ്സ പള്ളിയിലെ ഇസ്രായേൽ അതിക്രമം: അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമെന്ന് ഖത്തർ

ദോഹ: ഇസ്‍ലാം മതവിശ്വാസികളുടെ പുണ്യസ്ഥലങ്ങളിലൊന്നായ ജറുസലേമിലെ അൽ അഖ്സ പള്ളിയിൽ, ഇസ്രായേൽ അധിനിവേശ സേനയുടെ സംരക്ഷണത്തോടെ തീവ്രവലതുപക്ഷക്കാർ അതിക്രമിച്ചു കയറിയ സംഭവത്തെ ഖത്തർ ശക്തമായി അപലപിച്ചു. ഇസ്രായേലിന്റെ ഈ പ്രകോപനപരമായ നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇത്തരം നീക്കങ്ങൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലിം വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.

അധിനിവേശ ജറുസലേമിലെ ഇസ്ലാമിക-ക്രിസ്ത്യൻ വിശുദ്ധ കേന്ദ്രങ്ങളുടെ ചരിത്രപരവും നിയമപരവുമായ പദവി ഇല്ലാതാക്കാനുള്ള അപകടകരമായ നീക്കമാണിതെന്ന് ഖത്തർ ചൂണ്ടിക്കാട്ടി. അൽ അഖ്സ പള്ളി മുസ്ലിം വിശ്വാസികൾക്ക് മാത്രമായിട്ടുള്ള ആരാധനാലയമാണെന്നും, ഇതിന്റെ പദവി മാറ്റാൻ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ ഏപക്ഷീയമായ നടപടികൾ അന്താരാഷ്ട്ര നിയമപ്രകാരം അസാധുവാണെന്നും ഖത്തർ വിശദീകരിച്ചു. ഇത്തരത്തിലുള്ള നിരന്തരമായ പ്രകോപനങ്ങൾ മേഖലയിൽ വീണ്ടും അക്രമങ്ങൾ പൊട്ടിപ്പുറപ്പെടാനും സംഘർഷം വ്യാപിപ്പിക്കാനും മാത്രമേ സഹായിക്കൂ എന്നും, ഇത് സമാധാന ശ്രമങ്ങളെ പാടേ ഇല്ലാതാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഫലസ്തീൻ ജനതയ്ക്കും അവരുടെ വിശുദ്ധ കേന്ദ്രങ്ങൾക്കും നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. തങ്ങൾ എപ്പോഴും ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. ഇസ്രായേൽ അധിനിവേശം പൂർണ്ണമായി അവസാനിപ്പിച്ച്, 1967-ലെ അതിർത്തികൾ അംഗീകരിച്ച്, കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യമാകുന്നതുവരെ ഫലസ്തീൻ ജനതയുടെ പോരാട്ടങ്ങൾക്ക് ഖത്തറിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles