നിർമിത ബുദ്ധി മനുഷ്യന്റെ സർഗാത്മകതയ്ക്ക് പകരമാവില്ല; കേളി സെമിനാർ

റിയാദ്: നിർമിത ബുദ്ധിയുടെ വളർച്ച മനുഷ്യജീവിതത്തിന് പുതിയ സാധ്യതകൾ തുറക്കുമ്പോഴും തൊഴിൽ നഷ്ടം, സ്വകാര്യതാ ലംഘനം, വ്യാജവിവരങ്ങളുടെ വ്യാപനം തുടങ്ങിയ ഗുരുതര വെല്ലുവിളികളും സൃഷ്ടിക്കുന്നുണ്ടെന്ന് കേളി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിച്ച നൗഫൽ പൂവക്കുറിശ്ശി അഭിപ്രായപ്പെട്ടു.

കേളി കലാസാംസ്‌കാരിക വേദി റൗദ ഏരിയയുടെ സാംസ്‌കാരിക വിഭാഗവും കേളി സൈബർ വിംഗും സംയുക്തമായി സംഘടിപ്പിച്ച “നിർമിത ബുദ്ധിയുടെ യുഗം – ആശയ്ക്കും ആശങ്കയ്ക്കും” എന്ന സെമിനാർ റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്നു. കേളി റൗദ ഏരിയ രക്ഷാധികാരി അംഗം ജോമോൻ സ്റ്റീഫൻ മോഡറേറ്ററായ ചടങ്ങ് കേളി മലാസ് ഏരിയ രക്ഷാധികാരി അംഗം നൗഫൽ പൂവക്കുറിശ്ശി ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യയെ ഭയപ്പെടേണ്ടതില്ലെന്നും, മറിച്ച് ഉത്തരവാദിത്തത്തോടെയും ജാഗ്രതയോടെയും ഉപയോഗിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തുടർന്ന് നടന്ന ചർച്ചകളിൽ നിർമിത ബുദ്ധി സാങ്കേതികവിദ്യയുടെ വളർച്ച, ഭാവിയിലെ സാധ്യതകൾ, തൊഴിൽ മേഖലയിലുണ്ടാകുന്ന മാറ്റങ്ങൾ, സാമൂഹിക ജീവിതത്തിൽ അത് ചെലുത്തുന്ന സ്വാധീനം തുടങ്ങിയ വിഷയങ്ങൾ വിശദമായി വിലയിരുത്തി. നിർമിത ബുദ്ധിയുടെ വളർച്ച മനുഷ്യജീവിതത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമ്പോഴും മനുഷ്യന്റെ സർഗാത്മകതയ്ക്കും വിമർശനാത്മക ചിന്തയ്ക്കും മാനുഷിക മൂല്യങ്ങൾക്കും പൂർണമായും പകരമാകില്ലെന്നും, സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ സാമൂഹികവും ധാർമ്മികവുമായ ഉത്തരവാദിത്തം അനിവാര്യമാണെന്നും ചർച്ചകളിൽ അഭിപ്രായമുയർന്നു.

കേളി കേന്ദ്ര ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, ജോയിന്റ് ട്രഷറർ സിംനേഷ്, സുലൈ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, റൗദ ഏരിയ രക്ഷാധികാരി സെക്രട്ടറി സതീഷ് വളവിൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുജിത്ത്, നൗഫൽ, സജീവ്, കൃഷ്ണൻകുട്ടി, ജീവകാരുണ്യ വിഭാഗം കൺവീനർ ബിജി തോമസ്, കേന്ദ്ര സാംസ്‌കാരിക വിഭാഗം വൈസ് ചെയർമാൻ മൂസ കൊമ്പൻ, മാധ്യമ വിഭാഗം ചെയർമാൻ ഫൈസൽ കൊണ്ടോട്ടി, സൈബർ വിംഗ് ചെയർമാൻ സുബിൻ, ചില്ല കോ-ഓർഡിനേറ്റർ സുരേഷ് ലാൽ, ഏരിയ പ്രസിഡന്റ് സലിം പി.പി., കേന്ദ്ര സാംസ്‌കാരിക വിഭാഗം അംഗം അനസ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

പരിപാടിയിൽ കേളി റൗദ ഏരിയ സെക്രട്ടറി ഷാജി കെ.കെ. സ്വാഗതവും ഏരിയ സാംസ്‌കാരിക കൺവീനർ മുഹമ്മദ് ഷെഫീഖ് നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles