മുതിർന്ന നേതാവും മുൻ പ്രവാസിയുമായ എം.എൻ. കുഞ്ഞിമുഹമ്മദ് ഹാജി അന്തരിച്ചു

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റും പ്രാസ്ഥാനിക-രാഷ്ട്രീയ രംഗങ്ങളിലെ മുതിർന്ന നേതാവുമായ തിരൂരങ്ങാടി എം.എൻ. കുഞ്ഞിമുഹമ്മദ് ഹാജി (95) നിര്യാതനായി. കെ.പി.സി.സി അംഗം, തിരൂരങ്ങാടി വലിയപള്ളി പരിപാലന കമ്മിറ്റി ജനറൽ സെക്രട്ടറി, ഹിദായത്തുസ്വിബ്‌യാൻ സംഘം വർക്കിംഗ് പ്രസിഡന്റ്, താഴെ ചിന മഹല്ല് കമ്മിറ്റി പ്രസിഡന്റ്, മേലേ ചിന മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി, തിരൂരങ്ങാടി ടൗൺ ജുമുഅ മസ്ജിദ് ജനറൽ സെക്രട്ടറി, തിരൂരങ്ങാടി സംയുക്ത മഹല്ല് ജമാഅത്ത് പ്രസിഡന്റ് തുടങ്ങി മത-സാമൂഹിക-സാംസ്കാരിക മേഖലകളിൽ നിരവധി സുപ്രധാന പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

മുൻ ജിദ്ദ പ്രവാസി കൂടിയായിരുന്ന അദ്ദേഹം, പ്രവാസലോകത്ത് സംരംഭകത്വത്തിലേക്ക് ചുവടുവെക്കാൻ മലയാളികൾ ഏറെ മടിച്ചിരുന്ന 1980-കളിൽ ജിദ്ദ ബാബ് മക്കയിൽ മലയാളി മാനേജ്‌മെന്റിന് കീഴിൽ ഹോട്ടൽ സംരംഭത്തിന് തുടക്കം കുറിച്ച വ്യക്തിത്വമായിരുന്നു. പ്രവാസജീവിതത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോഴും പൊതുപ്രവർത്തന രംഗത്ത് അദ്ദേഹം സജീവ സാന്നിധ്യമായി തുടർന്നു.

തിരൂരങ്ങാടിയിലെ പ്രമുഖ കുടുംബമായ പരേതനായ മെതുവിൽ നാലകത്ത് മൊയ്തീൻ കുട്ടി ഹാജിയുടെയും ആച്ചുട്ടി ഹജ്ജുമ്മയുടെയും മകനായി 1936 മാർച്ച് അഞ്ചിനായിരുന്നു ജനനം. കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ ഫിനാൻസ് സെക്രട്ടറി, എസ്.വൈ.എസ് ജില്ലാ ട്രഷറർ, മലപ്പുറം ഡി.സി.സി ട്രഷറർ, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം, തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം, തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു.

ഭാര്യ: പാത്തുമ്മു. മക്കൾ: ഹുസൈൻ, ഫാത്വിമ, റംല, പരേതനായ മുസ്തഫ. മരുമക്കൾ: കുഞ്ഞിമരക്കാർ ചെമ്മാട്, ഇബ്റാഹീം താനൂർ, ശറഫുന്നിസ ഇരിങ്ങാട്ടിരി, ജമീല മാറഞ്ചേരി. സഹോദരങ്ങൾ: എം.എൻ. റഷീദ് ഹാജി എന്ന ബാവ, സുന്നി വിദ്യാഭ്യാസ ബോർഡ് മുൻ ട്രഷറർ പരേതനായ എം.എൻ. സിദ്ദീഖ് ഹാജി, പരേതരായ കുഞ്ഞറമുട്ടി ഹാജി, ഹംസത്ത് ഹാജി, സൈതലവി ഹാജി.

Related Articles

- Advertisement -spot_img

Latest Articles