ടെഹ്റാൻ: തെക്കൻ ഇറാനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളെ ശക്തമായി അപലപിച്ചും യുഎസിന് ‘അതിശക്തമായ തിരിച്ചടി’ നൽകുമെന്ന് പ്രഖ്യാപിച്ചും ഇറാന്റെ സായുധ സേന. അന്തരിച്ച ഇറാന്റെ പരമോന്നത നേതാവിന്റെ ഭൗതികശരീരം വിലാപയാത്രയ്ക്കായി ഇറാഖിൽ എത്തിച്ച പവിത്രമായ സമയത്തുതന്നെ അമേരിക്ക ഈ ആക്രമണം നടത്തിയത് നഗ്നമായ അധിനിവേശവും ധിക്കാരവുമാണെന്ന് ഇറാന്റെ ഖാതം-അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് (പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. അമേരിക്കയുടെ ഈ ശത്രുതാപരമായ നടപടികൾക്ക് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ സായുധ സേന വരും ദിവസങ്ങളിൽ ശക്തമായ മറുപടി നൽകുമെന്നും സൈനിക ആസ്ഥാനം മുന്നറിയിപ്പ് നൽകി.
തന്ത്രപ്രധാനമായ ഹോർമുസ് ഇടുക്കിന്റെ ഭരണപരമായ കാര്യങ്ങളിലും മേൽനോട്ടത്തിലും യാതൊരുവിധത്തിലുള്ള ബാഹ്യ ഇടപെടലുകളും ഇറാൻ അനുവദിക്കില്ലെന്ന് സൈന്യം വ്യക്തമാക്കി. വാണിജ്യ കപ്പലുകൾക്കും എണ്ണ ടാങ്കറുകൾക്കും ഹോർമുസ് ഇടുക്കിലൂടെ കടന്നുപോകാനുള്ള ഏക സുരക്ഷിത പാത ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ നിശ്ചയിച്ചിട്ടുള്ള വഴി മാത്രമാണെന്ന് സൈനിക വൃത്തങ്ങൾ പ്രസ്താവനയിൽ ആവർത്തിച്ചു. ഈ ജലപാതയിലൂടെയുള്ള സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഇറാൻ നിർദ്ദേശിക്കുന്ന ചട്ടങ്ങൾ പാലിക്കണമെന്നും, യുഎസിന്റെ ഏകപക്ഷീയമായ സൈനിക നീക്കങ്ങൾ മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുമെന്നും ഇറാൻ കൂട്ടിച്ചേർത്തു.



