മുബാറക് ഖലീഫയ്ക്ക് ജി.എം.എഫ് ജി.സി.സി ഇന്ത്യ–അറബ് സൗഹൃദ പുരസ്കാരം

റിയാദ്: പ്രമുഖ കഥാകൃത്തും സിനിമാ തിരക്കഥാകൃത്തുമായ മുബാറക് ഖലീഫയെ ഗൾഫ് മലയാളി ഫെഡറേഷൻ ജി.സി.സി ഇന്ത്യ–അറബ് സൗഹൃദ പുരസ്കാരം നൽകി ആദരിച്ചു. മുൻ മൊബൈലി ടെലികോം കമ്പനി മാനേജിംഗ് ഡയറക്ടർ കൂടിയായ മുബാറക് ഖലീഫയുടെ രണ്ട് പുതിയ സിനിമകളുടെ ചിത്രീകരണം നിലവിൽ സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ സജീവമായി പുരോഗമിച്ചുവരികയാണ്.

ഇതിനൊപ്പം തന്നെ ഇന്ത്യ–സൗദി പശ്ചാത്തലവും ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധവും മുഖ്യ പ്രമേയമാകുന്ന തന്റെ പുതിയ സിനിമയുടെ തിരക്കഥാ രചനയിലാണ് അദ്ദേഹം. ഈ ചിത്രത്തിന്റെ കഥയിലെ ഏകദേശം 30 ശതമാനം വരുന്ന പ്രധാന ആശയങ്ങൾ ജി.എം.എഫ് ചെയർമാൻ റാഫി പാങ്ങോട് പങ്കുവെച്ച ഒരു കഥയെ ആസ്പദമാക്കിയുള്ളതാണെന്ന് മുബാറക് ഖലീഫ വെളിപ്പെടുത്തി. വരാനിരിക്കുന്ന ഈ സിനിമ ഇന്ത്യ–അറബ് സൗഹൃദത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നായി മാറുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധം വളരെ ശക്തമാണെന്നും, സൗദി പൗരന്മാർക്ക് ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ പട്ടികയിൽ ഇന്ത്യക്കാർക്ക് എപ്പോഴും പ്രഥമ സ്ഥാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. തന്റെ വ്യക്തിപരമായ ജീവിതത്തിലും ഏറ്റവും കൂടുതൽ സുഹൃത്തുക്കൾ മലയാളികളാണെന്നും, ആ ആഴമേറിയ സൗഹൃദമാണ് ഇന്ത്യ–സൗദി ബന്ധത്തെ ആസ്പദമാക്കി ഒരു സിനിമ ഒരുക്കാൻ തനിക്ക് വലിയ പ്രചോദനമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്റെ അതുല്യമായ പ്രകൃതി സൗന്ദര്യവും മലയാളികളുടെ സ്നേഹവും ആത്മാർത്ഥതയും തന്നെ കേരളവുമായി വലിയൊരു ഹൃദയബന്ധത്തിലേക്ക് അടുപ്പിച്ചുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. റിയാദിൽ വെച്ച് സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ ജി.എം.എഫ് റിയാദ് സെന്റർ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ, ജി.എം.എഫ് ചെയർമാൻ റാഫി പാങ്ങോട്, സംഘടനയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾ, മറ്റ് നിരവധി സാമൂഹിക സാംസ്കാരിക വിശിഷ്ടാതിഥികൾ എന്നിവർ ചേർന്നാണ് അദ്ദേഹത്തിന് ഈ ആദരവ് സമ്മാനിച്ചത്

റിപ്പോർട്ട്: റഷീദ് നെച്ചിക്കാട്ടിൽ

 

Related Articles

- Advertisement -spot_img

Latest Articles