ജിദ്ദ: സൗദി അറേബ്യയിലെ വിസ സേവനങ്ങൾ കൂടുതൽ സുതാര്യവും ലളിതവുമാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ ഏകീകൃത ദേശീയ വിസ പ്ലാറ്റ്ഫോം സ്ഥാപിക്കുന്നതിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ ഈ പ്ലാറ്റ്ഫോം രാജ്യത്തെ ഔദ്യോഗിക വിസ സേവനങ്ങൾക്കുള്ള ഏകീകൃത സംവിധാനമായി മാറും. ഇതിന് പുറമെ ഹംഗറി, കസാക്കിസ്ഥാൻ, പോളണ്ട് എന്നീ രാജ്യങ്ങളുമായി നയതന്ത്ര, സർവീസ്, പ്രത്യേക പാസ്പോർട്ടുകൾ ഉള്ളവർക്ക് പരസ്പരം വിസ ഒഴിവാക്കുന്നതിനുള്ള കരാറുകൾക്കും മന്ത്രിസഭ അംഗീകാരം നൽകി. ജിദ്ദയിൽ ചൊവ്വാഴ്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.
സൗഹൃദ രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്താനും ആഗോള വെല്ലുവിളികളെ നേരിടാനുമുള്ള സൗദിയുടെ കഴിഞ്ഞ ദിവസങ്ങളിലെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ഐക്യരാഷ്ട്രസഭയുടെ ഭീകരവിരുദ്ധ വാരത്തിൽ സൗദി പ്രതിനിധി സംഘം പങ്കെടുത്തതിനെ മന്ത്രിസഭ പ്രശംസിച്ചതായി വാർത്താവിതരണ വകുപ്പു മന്ത്രി സൽമാൻ അൽ-ദോസരി വ്യക്തമാക്കി. ഭീകരവാദത്തിന്റെ വേരറുക്കാനും അതിന്റെ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കാനും അന്താരാഷ്ട്ര സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള സൗദിയുടെ പ്രതിബദ്ധത രാജ്യം ആവർത്തിച്ചു. സൈബർ സുരക്ഷാ രംഗത്ത് വനിതകളെ ശാക്തീകരിക്കുന്നതിനായി യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ 62-ാമത് സെഷനിൽ സൗദി അറേബ്യയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേന പാസാക്കിയതിനെ മന്ത്രിസഭ സ്വാഗതം ചെയ്തു. കിരീടാവകാശി മുൻകൈയെടുത്ത് ആരംഭിച്ച ആഗോള പദ്ധതിയുടെ തുടർച്ചയാണിത്.
അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ പുറത്തുവിട്ട 2026-ലെ ഐസിടി ഡെവലപ്മെന്റ് ഇൻഡക്സിൽ സൗദി അറേബ്യ ആഗോളതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നേട്ടത്തെ മന്ത്രിസഭ പ്രത്യേകം പരാമർശിച്ചു. രാജ്യത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെയും നിയന്ത്രണ സംവിധാനങ്ങളുടെയും ശക്തമായ വികസനമാണ് ഇത് കാണിക്കുന്നത്. മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും വലിയ വിപണിയായി സൗദിയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ മാറിയ സാഹചര്യത്തിലാണ് ഈ നേട്ടം. അറബ് സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ എക്സിക്യൂട്ടീവ് കൗൺസിൽ പ്രസിഡന്റായി തുടർച്ചയായ രണ്ടാം തവണയും സൗദി തിരഞ്ഞെടുക്കപ്പെട്ടത് വ്യോമയാന മേഖലയിലെ രാജ്യത്തിന്റെ ആഗോള നേതൃത്വത്തിനുള്ള അംഗീകാരമാണെന്ന് വിലയിരുത്തപ്പെട്ടു. കൂടാതെ, വിദ്യാഭ്യാസ രംഗത്ത് കൃത്രിമ ബുദ്ധി ഉപയോഗപ്പെടുത്തുന്നതിനായി സൗദി ഒരുക്കിയ റെഗുലേറ്ററി സാൻഡ്ബോക്സ് മാതൃകയെ ലോകബാങ്ക് പ്രശംസിച്ചതിലും മന്ത്രിസഭ സന്തോഷം പ്രകടിപ്പിച്ചു.
ആഭ്യന്തര കാര്യങ്ങളിൽ, വിവിധ തന്ത്രപ്രധാന മേഖലകളുടെ പുരോഗതി മന്ത്രിസഭ വിലയിരുത്തി. ലാഭേച്ഛയില്ലാത്ത സാമൂഹിക സേവന മേഖല ജിഡിപിയിലേക്ക് നൽകുന്ന സംഭാവനകളിൽ മികച്ച വളർച്ച രേഖപ്പെടുത്തുന്നുണ്ട്. 2025 അവസാനത്തോടെ ഇത്തരം സംഘടനകളുടെ എണ്ണം 7,200 കടന്നതായും സന്നദ്ധപ്രവർത്തകരുടെ എണ്ണം 1.7 ദശലക്ഷത്തിലെത്തിയതായും യോഗം വിലയിരുത്തി. ആണവ-റേഡിയോളജിക്കൽ സുരക്ഷാ രംഗത്ത് വിവരങ്ങൾ കൈമാറുന്നതിനായി കാനഡയുമായി ധാരണാപത്രം ഒപ്പിടാൻ ന്യൂക്ലിയർ ആൻഡ് റേഡിയോളജിക്കൽ റെഗുലേറ്ററി കമ്മീഷൻ ചെയർമാനെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്.



