തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പ്രോട്ടേം സ്പീക്കറായി മുതിർന്ന നിയമസഭാംഗവും സി.പി.എം നേതാവുമായ ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ (ലോക്ഭവൻ) നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി.ഡി. സതീശൻ, പുതിയ മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ, ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ ഒമ്പത് മണിക്ക് നിയമസഭയിൽ പ്രോട്ടേം സ്പീക്കർ ജി. സുധാകരന്റെ അധ്യക്ഷതയിൽ നടക്കും. ഇതിന് പിന്നാലെ പുതിയ നിയമസഭാ സ്പീക്കറെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നാളെ (വെള്ളിയാഴ്ച) സഭയിൽ വെച്ച് നടക്കുമെന്നും അധികൃതർ അറിയിച്ചു.



