ഗൾഫിൽ വൻ തൊഴിലവസരങ്ങൾ വരുന്നു; മന്ത്രിമാരുടെ സ്വകാര്യ വിമാന വിവാദത്തിൽ പ്രതികരണത്തിനില്ലെന്ന് എം.എ. യൂസഫലി

ദുബായ്: ഗൾഫ് മേഖലയിൽ നിലവിൽ നിരവധി തൊഴിലവസരങ്ങൾ ലഭ്യമാണെന്നും വരുംനാളുകളിൽ അവസരങ്ങൾ ഇനിയും ഗണ്യമായി വർദ്ധിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ഗൾഫിലെ ഈ തൊഴിൽ മുന്നേറ്റം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിന് വലിയ സാദ്ധ്യതകളാണ് തുറന്നുനൽകുന്നതെന്നും ജാതിമത ഭേദമന്യേ എല്ലാവർക്കും തൊഴിൽ നൽകുന്ന രാജ്യമാണ് യു.എ.ഇ എന്നും അദ്ദേഹം പറഞ്ഞു. ഷാർജയിലെ കൽബയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രമുഖ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഗൾഫിൽ ഇപ്പോഴും വലിയ തോതിൽ തൊഴിൽ അവസരങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമായതെന്ന് യൂസഫലി പറഞ്ഞു. കൽബ പോലുള്ള ഗ്രാമീണ മേഖലകളിലേക്കും ലുലു എക്സ്പ്രസ് പോലുള്ള സ്ഥാപനങ്ങളുടെ സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാൻ ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട്. പ്രവാസികൾക്ക് ഈ തൊഴിൽ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദമായ മന്ത്രിമാരുടെ സ്വകാര്യ വിമാന ഉപയോഗത്തെക്കുറിച്ചും അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു. തന്റെ കൈവശം സ്വന്തമായി വിമാനവും ഹെലികോപ്റ്ററും പൈലറ്റുമുണ്ടെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണെന്നും, രാജ്യത്തിനോ സർക്കാരിനോ ഭരണാധികാരികൾക്കോ ആവശ്യമുള്ള പക്ഷം അവ വിട്ടുനൽകാൻ താൻ സന്നദ്ധനാണെന്നും യൂസഫലി വ്യക്തമാക്കി. ഇതിനായി ആരിൽ നിന്നും യാതൊരുവിധ ആനുകൂല്യങ്ങളോ പ്രത്യുപകാരങ്ങളോ പ്രതീക്ഷിക്കുന്നില്ല. എന്നാൽ കേരളത്തിലെ മന്ത്രിമാർ സ്വകാര്യ വിമാനമോ വാഹനമോ ഉപയോഗിക്കുന്നത് ശരിയാണോ തെറ്റാണോ എന്ന് വിലയിരുത്താൻ താനില്ലെന്നും വിവാദമുണ്ടാക്കിയവർ തന്നെ അതിന് പരിഹാരം കാണട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles