മക്ക: മക്കയിൽ ഉംറ തീർത്ഥാടകരെ ലൈസൻസില്ലാത്ത താമസകേന്ദ്രങ്ങളിൽ താമസിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് നാല് ഉംറ സേവന കമ്പനികളെയും നാല് വിദേശ ഏജന്റുമാരെയും സൗദി അറേബ്യൻ ഹജ്ജ്-ഉംറ മന്ത്രാലയം സസ്‌പെൻഡ് ചെയ്തു. തീർത്ഥാടകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുമായി മന്ത്രാലയം നടത്തുന്ന നിരന്തര പരിശോധനകൾക്കിടയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. പിടിക്കപ്പെട്ട കേസുകൾ കൂടുതൽ അന്വേഷണങ്ങൾക്കും നിയമപരമായ പിഴ നടപടികൾക്കുമായി തീർത്ഥാടകരുടെ പരാതികൾ പരിഗണിക്കുന്ന പ്രത്യേക കമ്മിറ്റിക്ക് മന്ത്രാലയം കൈമാറി.
സൗദിയിലെത്തുന്ന തീർത്ഥാടകർക്ക് കരാർ അനുസരിച്ചുള്ള താമസസൗകര്യങ്ങളും മറ്റ് സേവനങ്ങളും തടസ്സമില്ലാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫീൽഡ് ഇൻസ്‌പെക്ഷനുകളും ഡിജിറ്റൽ മോണിറ്ററിംഗ് സംവിധാനങ്ങളും കൂടുതൽ ശക്തമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. മുൻകൂട്ടി ധാരണയായ സേവനങ്ങൾ നൽകാത്ത കമ്പനികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. സൗദി അറേബ്യ പ്രഖ്യാപിച്ച അംഗീകൃത നിയമങ്ങളും കരാർ വ്യവസ്ഥകളും കൃത്യമായി പാലിക്കാൻ ലൈസൻസുള്ള ഉംറ കമ്പനികളും അവരുടെ അന്താരാഷ്ട്ര പങ്കാളികളും ബാധ്യസ്ഥരാണെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.
ഉംറ യാത്രകളും താമസസൗകര്യങ്ങളും ബുക്ക് ചെയ്യുമ്പോൾ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളും ലൈസൻസുള്ള ഏജൻസികളും മാത്രം ഉപയോഗിക്കാൻ തീർത്ഥാടകരോട് മന്ത്രാലയം വീണ്ടും ആഹ്വാനം ചെയ്തു. വിഷൻ 2030-ന്റെ ഭാഗമായുള്ള ‘പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാം’ വഴി തീർത്ഥാടകരുടെ വരവ് മുതൽ തിരിച്ചുപോക്ക് വരെയുള്ള നടപടികൾ കൂടുതൽ എളുപ്പമാക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനുമാണ് സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്. ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ചത് മുതൽ ഇതുവരെ 32,000-ത്തിലധികം പരിശോധനകളാണ് മന്ത്രാലയം പൂർത്തിയാക്കിയത്.



