വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക ഏറ്റുമുട്ടലിൽ അമേരിക്കൻ വ്യോമസേനയ്ക്ക് കനത്ത നാശനഷ്ടം. യുദ്ധത്തിൽ കുറഞ്ഞത് 81 അമേരിക്കൻ സൈനിക വിമാനങ്ങളും ഡ്രോണുകളും ഹെലികോപ്റ്ററുകളും തകരുകയോ ഗുരുതരമായി തകരാറിലാവുകയോ ചെയ്തതായി യു.എസ് കോൺഗ്രഷണൽ റിസർച്ച് സർവീസ് (CRS) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. വിമാനങ്ങളുടെ നഷ്ടം വഴി അമേരിക്കയ്ക്ക് ഏകദേശം 3.3 ശതകോടി ഡോളറിന്റെ (330 കോടി ഡോളർ) ഭീമമായ സാമ്പത്തിക നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.
നഷ്ടപ്പെട്ട സൈനിക വിമാനങ്ങളിൽ പ്രതിരോധ രംഗത്ത് ഏറെ ആധുനികമെന്ന് വിശേഷിപ്പിക്കുന്ന എഫ്-35 എ (F-35A) സ്റ്റെൽത്ത് ഫൈറ്റർ, 12 എഫ്-15 ഇ (F-15E) സ്‌ട്രൈക്ക് ഈഗിൾ പോർവിമാനങ്ങൾ, 2 എ-10 ആക്രമണ വിമാനങ്ങൾ, 7 കെ.സി-135 ഇന്ധന നിറയ്ക്കൽ വിമാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, നിരീക്ഷണ ഏജൻസികൾ ഉപയോഗിക്കുന്ന ഒരു ഇ-3 സെൻട്രി (E-3 Sentry) സ്പൈ പ്ലെയിനും തകർന്നിട്ടുണ്ട്. ആളില്ലാ വിമാനങ്ങളുടെ വിഭാഗത്തിൽ 45 എം.ക്യു-9 റീപ്പർ (MQ-9 Reaper) ഡ്രോണുകളും എം.ക്യു-4സി ട്രൈറ്റൺ ഉൾപ്പെടെയുള്ള മറ്റ് പൈലറ്റില്ലാ ഡ്രോണുകളും യു.എസിന് നഷ്ടമായി.
ഇതിന് പുറമേ എച്ച്.എച്ച്-60ഡബ്ല്യു, എച്ച്-64 അപാഷെ ഉൾപ്പെടെയുള്ള വിവിധ പോരാട്ട-തിരച്ചിൽ ഹെലികോപ്റ്ററുകൾക്കും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുൻപ് പുറത്തുവന്ന റിപ്പോർട്ടുകളേക്കാൾ ഉയർന്ന നിരക്കിലാണ് നിലവിലെ കോൺഗ്രഷണൽ റിപ്പോർട്ടിൽ അമേരിക്കൻ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇറാനുമായുള്ള പോരാട്ടം യു.എസ് സൈനികശേഷിക്കും സാമ്പത്തിക നിലയ്ക്കും ഉണ്ടാക്കിയ ആഘാതം വ്യക്തമാക്കുന്നതാണ് പുറത്തുവന്ന പുതിയ റിപ്പോർട്ട്.



