ഐ.പി.എല്ലിൽ തകർപ്പൻ റെക്കോർഡുമായി വൈഭവ് സൂര്യവംശി; ക്രിസ് ഗെയ്‌ലിന്റെ സർവ്വകാല റെക്കോർഡ് പഴങ്കഥയായി

ജയ്പൂർ: ഐ.പി.എൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നുമായി രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശി. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഐ.പി.എൽ എലിമിനേറ്റർ പോരാട്ടത്തിൽ 29 പന്തിൽ 97 റൺസ് അടിച്ചുകൂട്ടിയാണ് ഈ കൗമാരക്കാരൻ ചരിത്രം കുറിച്ചത്. 12 സിക്സറുകളും 5 ഫോറുകളും ഉൾപ്പെടുന്നതാണ് താരത്തിന്റെ വിസ്മയകരമായ ഇന്നിങ്സ്. ഈ പ്രകടനത്തോടെ ഐ.പി.എൽ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ബാറ്ററെന്ന റെക്കോർഡ് താരം സ്വന്തമാക്കി.

2012-ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി ക്രിസ് ഗെയ്‌ൽ നേടിയ 59 സിക്സറുകൾ എന്ന 14 വർഷം പഴക്കമുള്ള റെക്കോർഡാണ് വൈഭവ് തിരുത്തിയെഴുതിയത്. തന്റെ കരിയറിലെ രണ്ടാം സീസണിൽ 15 മത്സരങ്ങളിൽ നിന്ന് താരം പറത്തിയത് 65 സിക്സറുകളാണ്. അതിവേഗ സെഞ്ച്വറി റെക്കോർഡിന് തൊട്ടരികെ വരെ താരം എത്തിയിരുന്നു. 28 പന്തിൽ 97 റൺസിൽ നിൽക്കെ പുറത്തായതുകൊണ്ട് മാത്രം ക്രിസ് ഗെയ്‌ലിന്റെ 30 പന്തിലെ സെഞ്ച്വറി റെക്കോർഡ് ഭേദിക്കാൻ വൈഭവിന് സാധിച്ചില്ല.

ഒട്ടനവധി റെക്കോർഡുകളാണ് ഈ ഒറ്റ ഇന്നിങ്സിലൂടെ തകർന്നത്. 16 പന്തിൽ അർധസെഞ്ച്വറി നേടിയ വൈഭവ്, ഐ.പി.എൽ നോക്കൗട്ട് ഘട്ടത്തിലെ അതിവേഗ ഫിഫ്റ്റിയെന്ന സുരേഷ് റെയ്നയുടെ റെക്കോർഡിനൊപ്പമെത്തി. കൂടാതെ, പവർപ്ലേയിൽ മാത്രം 8 സിക്സറുകൾ പറത്തി സനത് ജയസൂര്യയുടെ (7 സിക്സുകൾ) റെക്കോർഡും, ഒരു സീസണിൽ പവർപ്ലേയിൽ കൂടുതൽ റൺസ് (490 റൺസ്) നേടി ഡേവിഡ് വാർണറുടെ (467) റെക്കോർഡും വൈഭവ് മറികടന്നു.

ഈ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 680 റൺസ് സ്വന്തമാക്കിയ താരം ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാമതെത്തി ഓറഞ്ച് ക്യാപ്പും അണിഞ്ഞു. വൈഭവിന്റെ തകർപ്പൻ ബാറ്റിങ്ങിന്റെ പിൻബലത്തിൽ രാജസ്ഥാൻ റോയൽസ് കരുത്തുറ്റ നിലയിലാണ്. 14 ഓവർ പിന്നിടുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടി മികച്ച സ്കോറിലേക്ക് ടീം കുതിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles