റിയാദ്: വിശുദ്ധ അറഫാ ദിനത്തിന്റെ പുണ്യവും ആത്മീയ ചൈതന്യവും ഉൾക്കൊണ്ട് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് ഘടകം സംഘടിപ്പിച്ച ‘ആത്മീയ സംഗമവും ഇഫ്താർ വിരുന്നും’ ഭക്തിനിർഭരമായി. എക്സിറ്റ് 18-ലെ അൽവലീദ് ഇസ്തിറാഹയിൽ വെച്ച് നടന്ന പരിപാടിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. അസർ നമസ്കാരാനന്തരം ആരംഭിച്ച പരിപാടികൾക്ക് ഷൗകത്ത് അലി സഅദിയുടെ പ്രാർത്ഥനയോടെയാണ് തുടക്കം കുറിച്ചത്. അബ്ദുൽ റഹ്മാൻ സഖാഫി ബദിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജബ്ബാർ കുനിയിൽ സ്വാഗതം ആശംസിച്ചു.
തുടർന്ന് നടന്ന ആത്മീയ സദസ്സിൽ ബഷീർ മിസ്ബാഹി മുഖ്യപ്രഭാഷണം നടത്തി. അറഫാ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രവാസ ജീവിതത്തിൽ പാലിക്കേണ്ട ആത്മീയ വിശുദ്ധിയെക്കുറിച്ചും അദ്ദേഹം സദസ്സിനെ ഉൽബോധിപ്പിച്ചു. പതിനൊന്ന് വർഷം മുമ്പ് ഹജ്ജ് കർമ്മത്തിനിടെ മിനായിൽ വെച്ച് അന്തരിച്ച ഐ.സി.എഫിന്റെ മുൻ ദാഇ മർഹൂം സുൽഫിക്കർ നഈമി ഉസ്താദിനെ ചടങ്ങിൽ പ്രത്യേകം അനുസ്മരിച്ചു.
ലോക സമാധാനത്തിനും പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും, അറഫാ സംഗമത്തിൽ പങ്കെടുക്കുന്ന ഹാജിമാർക്ക് വേണ്ടിയും നടത്തിയ പ്രത്യേക പ്രാർത്ഥനയോടെയാണ് ആത്മീയ സദസ്സ് സമാപിച്ചത്. ഇതിനെത്തുടർന്ന് വിപുലമായ ഇഫ്താർ വിരുന്നും ഒരുക്കിയിരുന്നു. പരിപാടിക്ക് അബ്ദുൽഖാദിർ പള്ളിപ്പറമ്പ് നന്ദി രേഖപ്പെടുത്തി.



