റിയാദ്: കണ്ണൂർ ജില്ലയിലെ കൂടാളി–കഞ്ഞിരോട് പ്രവർത്തിക്കുന്ന തണൽ ഡയാലിസിസ് സെന്ററിന് കേളി കലാസാംസ്കാരിക വേദിയുടെ സാമ്പത്തിക സഹായം. കേളിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ‘വിശപ്പുരഹിത കേരളത്തോടൊപ്പം കേളി’ പദ്ധതിയിലൂടെയാണ് സഹായം കൈമാറിയത്.
മുൻവർഷങ്ങളിലും തണലിന് കേളിയുടെ സഹായങ്ങൾ നൽകിയിരുന്നു. തണൽ പ്രസിഡണ്ട് എ.പി. ആലിപ്പി അധ്യക്ഷത വഹിച്ച യോഗത്തിൽ കേളി രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം, തണൽ മുൻ പ്രസിഡണ്ട് കെ.ടി. അബ്ദുൽ സത്താറിന് ധാരണപത്രം കൈമാറി.
കേളി രക്ഷാധികാരി കമ്മിറ്റി മുൻ അംഗങ്ങളായ സജീവൻ ചൊവ്വ, സുധാകരൻ കല്യാശ്ശേരി, കേന്ദ്ര കമ്മിറ്റി മുൻ അംഗം ശ്രീകാന്ത് ചേനോളി, ബാലകൃഷ്ണൻ ചെക്കിക്കുളം എന്നിവർ സംസാരിച്ചു. തണൽ പ്രതിനിധികളായ മുഹമ്മദ് അസ്ലം, നസീർ, അഡ്മിനിസ്ട്രേറ്റർ സീന എന്നിവർ ആശംസകൾ അർപ്പിച്ചു.
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന രോഗികൾക്ക് സഹായകരമായ രീതിയിലാണ് തണലിന്റെ പ്രവർത്തനം. തണൽ ഡയാലിസിസ് സെന്ററിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഭിന്നശേഷി വിദ്യാലയത്തിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനായാണ് കേളിയുടെ സഹായം അനുവദിച്ചത്.
കേളിയുടെയും തണലിന്റെയും പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. തണൽ സെക്രട്ടറി കെ.കെ. ചന്ദ്രൻ മാസ്റ്റർ സ്വാഗതവും കമ്മിറ്റിയംഗം കെ. കരുണാകരൻ നന്ദിയും രേഖപ്പെടുത്തി.



