കെനിയയിലെ ഗേൾസ് ബോർഡിങ് സ്കൂളിൽ തീപിടുത്തം; 16 വിദ്യാർഥിനികൾ മരിച്ചു

നെയ്‌റോബി: കെനിയയിലെ നകുരു കൗണ്ടിയിലുള്ള ഗിൽഗിൽ പ്രദേശത്തെ ഉതുമിഷി ഗേൾസ് ബോർഡിങ് അക്കാദമിയിലുണ്ടായ തീപിടുത്തത്തിൽ 16 വിദ്യാർഥിനികൾ ദാരുണമായി മരണപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സ്കൂളിലെ ഡോർമിറ്ററിയിൽ തീപിടുത്തമുണ്ടായത്. ഏകദേശം 220-ഓളം വിദ്യാർഥിനികൾ ഉറങ്ങിക്കിടന്നിരുന്ന ഡോർമിറ്ററിയുടെ മുകൾനിലയിലാണ് തീ ആദ്യം പടർന്നത്. തീപിടുത്തത്തിൽ 79 വിദ്യാർഥിനികൾക്ക് പരിക്കേറ്റതായും, ഇതിൽ 71 പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടതായും കെനിയൻ വിദ്യാഭ്യാസ മന്ത്രി ജൂലിയസ് ഒഗാംബ അറിയിച്ചു. ബാക്കിയുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.

തീപിടുത്തത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും 15-നും 18-നും ഇടയിൽ പ്രായമുള്ളവരാണ്. കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ച കുട്ടികൾക്ക് എല്ലുകൾക്ക് പൊട്ടലുൾപ്പെടെയുള്ള ഗുരുതരമായ പരിക്കുകൾ സംഭവിച്ചു. സംഭവം നടന്ന ഉടൻ തന്നെ അഗ്നിശമന സേനയും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിക്കുകയും പുലർച്ചെ മൂന്ന് മണിയോടെ തീയണയ്ക്കുകയും ചെയ്തു. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

സ്കൂളിലെ അഗ്നിശമന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് പരിശോധിക്കാൻ സർക്കാർ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സ്കൂൾ താൽക്കാലികമായി അടച്ചിടാനും വിദ്യാർത്ഥികളെ രക്ഷിതാക്കൾക്കൊപ്പം വിടാനും അധികൃതർ തീരുമാനിച്ചു. ഈ ദാരുണമായ സംഭവത്തിൽ കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ അനുശോചനം രേഖപ്പെടുത്തി.

 

Related Articles

- Advertisement -spot_img

Latest Articles