റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി ദവാദ്മി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവേശകരമായ ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ബലിപെരുന്നാൾ ദിനത്തിൽ ദവാദ്മി റോയൽസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിച്ച ഈ കായികമാമാങ്കത്തിൽ തെക്കനേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള എട്ട് പ്രമുഖ ടീമുകളാണ് മാറ്റുരച്ചത്. പെരുന്നാൾ ദിനത്തിൽ രാവിലെ 7.30-ന് ആരംഭിച്ച ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ അന്ന് തന്നെ പൂർത്തിയായിരുന്നു. തുടർന്ന് ഒട്ടേറെ കായികപ്രേമികളെ സാക്ഷിനിർത്തിക്കൊണ്ട് സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ തൊട്ടടുത്ത ദിവസമാണ് അരങ്ങേറിയത്. ട്വന്റി-ട്വന്റി മാതൃകയിൽ 20 ഓവർ വീതമായിരുന്നു മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്.
കാണികൾക്ക് ആവേശം പകർന്ന ഫൈനൽ പോരാട്ടത്തിൽ ‘അസദ് ഇലവൻ’ ജേതാക്കളായി മാറി. ഇവർക്ക് ദവാദ്മി ഇന്ത്യൻ റെസ്റ്റോറന്റ് സ്പോൺസർ ചെയ്ത ട്രോഫിയും, സംഘാടക സമിതി പ്രഖ്യാപിച്ചിരുന്ന ക്യാഷ് പ്രൈസും സമ്മാനിച്ചു. റണ്ണേഴ്സ് അപ്പായ ‘സനയ ടൈഗർ’ ടീമിന് റീം നജദ് സ്പൈസസ് കറി പൗഡർ സ്പോൺസർ ചെയ്ത ട്രോഫിയും ക്യാഷ് പ്രൈസും നൽകുകയുണ്ടായി. ഇതിനുപുറമെ, മികച്ച പ്രകടനം കാഴ്ചവെച്ച മാൻ ഓഫ് ദി സീരീസ്, മാൻ ഓഫ് ദി മാച്ച് എന്നിവർക്ക് കേളി ട്രോഫിയും ക്യാഷ് പ്രൈസും ടൂർണമെന്റ് ഗ്രൗണ്ടിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ സമാപന യോഗത്തിൽ വെച്ച് വിതരണം ചെയ്തു.
ദവാദ്മി ഏരിയ പ്രസിഡന്റ് രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന യോഗം കേളി കേന്ദ്ര കമ്മിറ്റി സെക്രട്ടറി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കേളി മുഖ്യ രക്ഷാധികാരി കെ.പി.എം. സാദിഖ്, കേന്ദ്ര കമ്മിറ്റി ട്രഷറർ മധു ബാലുശ്ശേരി, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് റഫീഖ് ചാലിയം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീഖ് പാലത്ത്, ഷാജി പ്ലാവിളയിൽ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. ദവാദ്മിയിലെ നിരവധി പൗരപ്രമുഖരും വിവിധ സ്ഥാപന ഉടമകളും കായികപ്രേമികളും മത്സരം കാണാനും ചടങ്ങിന്റെ ഭാഗമാകാനുമായി എത്തിച്ചേർന്നിരുന്നു. ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികളടങ്ങിയ സംഘാടക സമിതിയാണ് നേതൃത്വം നൽകിയത്. ചടങ്ങിൽ ഏരിയ സെക്രട്ടറി ഉമ്മർ സ്വാഗതവും, സംഘാടക സമിതി കൺവീനർ മുജീബ് നന്ദിയും രേഖപ്പെടുത്തി.



