ജിദ്ദ: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദയുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തിപ്പിടിച്ച് വിപുലമായ രീതിയിൽ ദിനാചരണം സംഘടിപ്പിച്ചു. യു.എം. ഹുസ്സൈൻ മലപ്പുറം അധ്യക്ഷത വഹിച്ച ചടങ്ങിൽ “പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക – ഭൂമിയെ സംരക്ഷിക്കുക” എന്ന ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം പങ്കുവെച്ചുകൊണ്ട് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഏവർക്കും പരിസ്ഥിതി ദിനാശംസകൾ നേർന്നു. മുൻപ് രാജീവ് ഗാന്ധി സദ്ഭാവനാ ദിനത്തിൽ ജിദ്ദ ഷറഫിയ സ്റ്റോൺ പാർക്കിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി നട്ട വൃക്ഷത്തൈക്ക് വെള്ളമൊഴിച്ച് ലോക പരിസ്ഥിതി ദിന പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി ട്രഷറർ യാസിർ നായിഫ് നിർവ്വഹിച്ചു. നമ്മൾ ജീവിക്കുന്ന ഭൂമിയെ സംരക്ഷിക്കുന്നത് ഓരോ വ്യക്തിയുടെയും സാമൂഹിക ഉത്തരവാദിത്തമാണെന്നും, ഭാവി തലമുറയ്ക്കായി ശുദ്ധവും സുരക്ഷിതവുമായ പരിസ്ഥിതി കൈമാറാൻ നാമെല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ കമാൽ കളപ്പാടൻ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. “എന്റെ നാടിനോടും സമൂഹത്തോടും ഞാൻ ജീവിക്കുന്ന പരിസ്ഥിതിയോടും ജീവന്റെ ഉറവിടമായ ഭൂമിയോടും ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള യാതൊരുവിധ മാലിന്യങ്ങളും ഞാൻ പൊതുസ്ഥലങ്ങളിൽ കത്തിക്കുകയോ വലിച്ചെറിയുകയോ ഇല്ലെന്ന് ഈ പരിസ്ഥിതി ദിനത്തിൽ ഞാൻ പ്രതിജ്ഞ ചെയ്യുന്നു” എന്ന പ്രതിജ്ഞാവാചകം ചടങ്ങിൽ സംബന്ധിച്ച മുഴുവൻ അംഗങ്ങളും ഒരേമനസ്സോടെ ഏറ്റുചൊല്ലി. പ്രകൃതി സംരക്ഷണത്തിന്റെയും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിന്റെയും പ്രാധാന്യം പൊതുസമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
പ്രകൃതിയെ നിലനിർത്താനുള്ള ഇത്തരം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പ്രവാസി സമൂഹവും വരും ദിവസങ്ങളിൽ കൂടുതൽ സജീവ പങ്കാളികളാകണമെന്ന് പ്രവാസി നേതാക്കൾ കൂട്ടത്തോടെ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളും നിരവധി പ്രവർത്തകരും സജീവമായി പങ്കെടുത്ത ചടങ്ങിൽ ഒ.ഐ.സി.സി നേതാക്കളായ ഫൈസൽ മക്കരപ്പറമ്പ്, മുജീബ് കാളികാവ്, അനസ് നീലാഞ്ചേരി, ഉസ്മാൻ മേലാറ്റൂർ, ഷംസുദ്ധീൻ വേങ്ങൂർ, നവാബ് വേങ്ങൂർ തുടങ്ങിയ പ്രമുഖരും സംബന്ധിച്ചു.



