തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ വീണ്ടും കടുത്ത രാഷ്ട്രീയ-സാമുദായിക വിമർശനങ്ങളുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗത്തിന്റെ ഔദ്യോഗിക മുഖപത്രമായ ‘യോഗനാദ’ത്തിന്റെ ഏറ്റവും പുതിയ ലക്കത്തിലെ മുഖപ്രസംഗത്തിലാണ് മുസ്ലിം ലീഗിന്റെ നിലപാടുകളെയും രാഷ്ട്രീയ ഇടപെടലുകളെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ കടന്നാക്രമിച്ചത്. മതേതരത്വവും ജനാധിപത്യവും പ്രസംഗിക്കുന്ന ലീഗിന്റെ യഥാർത്ഥ മുഖം അതല്ലെന്നും, സംസ്ഥാനത്ത് തീവ്രമായ സാമുദായിക ധ്രുവീകരണത്തിനാണ് അവർ ശ്രമിക്കുന്നതെന്നും മുഖപ്രസംഗം ആരോപിക്കുന്നു.
ലീഗ് ശക്തമായ ഹൈന്ദവവിരുദ്ധ നിലപാടിലേക്ക് മാറിയിരിക്കുകയാണെന്നാണ് എഡിറ്റോറിയലിലൂടെ വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാണിക്കുന്നത്. അധികാരത്തിലിരുന്നപ്പോഴൊക്കെയും സംസ്ഥാനത്തെ നിയമങ്ങളും ചട്ടങ്ങളും ഒരു പ്രത്യേക വിഭാഗത്തിന് അനുകൂലമായി മാറ്റിയെഴുതാൻ ലീഗ് സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. വിദ്യാലയങ്ങളിലെ സമയക്രമത്തിലും യൂണിഫോമിലും വരെ ഇത്തരത്തിലുള്ള ഇടപെടലുകൾ നടക്കുന്നു. ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് ജനാധിപത്യത്തെ കശാപ്പ് ചെയ്ത ലീഗിന്, ഇത്രയൊക്കെ അനുകൂല്യങ്ങൾ കിട്ടിയിട്ടും ‘കിട്ടിയതൊന്നും പോര’ എന്ന പിടിവാശി നിറഞ്ഞ നിലപാടാണ് ഇപ്പോഴുമുള്ളതെന്ന് അദ്ദേഹം വിമർശിച്ചു.
ലീഗ് ഉയർത്തുന്ന ഈ സാമുദായിക താല്പര്യങ്ങൾ കേരളത്തിലെ മതേതര അന്തരീക്ഷത്തിന് വൻ ഭീഷണിയാണെന്നും, ഇത് മറ്റൊരു മാറാട് കലാപ സമാനമായ സാഹചര്യങ്ങളിലേക്ക് വഴിവെക്കാനേ ഉപകരിക്കൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലീഗിലെ തന്നെ ഒരു ചെറിയ വിഭാഗം വരുന്ന സമ്പന്നർക്കും അവരുടെ ട്രസ്റ്റുകൾക്കും മാത്രമാണ് പാർട്ടിയിലൂടെ ആനുകൂല്യങ്ങളും വിദ്യാലയങ്ങളും ലഭിക്കുന്നത്. ഇതിനെതിരെ ആരെങ്കിലും ചോദ്യം ചെയ്താൽ അവരെ ഒതുക്കാനും, ചോദ്യം ചെയ്യുന്നവർക്ക് മേൽ ‘വർഗ്ഗീയവാദി’ അല്ലെങ്കിൽ ‘ജാതിക്കോമാളി’ എന്ന ലേബൽ ചാർത്താനുമാണ് ലീഗ് ശ്രമിക്കുന്നത്. താൻ സത്യം തുറന്നു പറയുമ്പോൾ തന്നെ മുസ്ലിം വിരോധിയായി ചിത്രീകരിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, എന്നാൽ പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നത് തുടരുമെന്നും വെള്ളാപ്പള്ളി നടേശൻ എഡിറ്റോറിയലിലൂടെ വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഈ മുഖപ്രസംഗം കേരള രാഷ്ട്രീയത്തിൽ പുതിയ വാദപ്രതിവാദങ്ങൾക്ക് തിരികൊളുത്തുമെന്നുറപ്പാണ്.



