ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് വിട്ട് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടിയിൽ ലയിക്കാൻ നീക്കം നടത്തുന്ന വിമത എം.പിമാർക്കെതിരെ കടുത്ത വിമർശനവുമായി മുതിർന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപിൽ സിബൽ. ജനപ്രതിനിധികൾക്ക് നിയമപരമായി സ്വന്തം നിലയിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ ലയിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയ സിബൽ, കൂറുമാറ്റ നിരോധന നിയമപ്രകാരം ഈ വിമതരെ അടിയന്തരമായി അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസിനുള്ളിൽ വിമത നീക്കം ശക്തമാവുകയും, വിമത ലോക്സഭാംഗങ്ങൾ ഭരണകക്ഷിയായ എൻ.ഡി.എക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള പശ്ചാത്തലത്തിലാണ് കപിൽ സിബലിന്റെ ഈ പ്രതികരണം.
തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് സിബൽ രാഷ്ട്രീയ നീക്കങ്ങളെ പരിഹസിച്ചത്. “ടി.എം.സി വിമതർ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടിയിൽ ലയിക്കാൻ പോകുന്നു. ഇന്ത്യൻ ജനാധിപത്യം ഒരു കോമാളിനാടകമായി മാറിയിരിക്കുകയാണ്. ഇതൊരു തമാശയാണ്! ഒരു പാർലമെന്ററി പാർട്ടിയിലെ വിമതർക്ക് നിയമപരമായി മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ ലയിക്കാൻ കഴിയില്ല. മാതൃപാർട്ടിയായ ടി.എം.സി ഔദ്യോഗികമായി തീരുമാനിച്ചാൽ മാത്രമേ ഇത്തരം ലയനം സാധ്യമാകൂ. അതുകൊണ്ട് ഇവരെ എത്രയും വേഗം അയോഗ്യരാക്കുക!”- കപിൽ സിബൽ കുറിച്ചു.
നേരത്തെ, തൃണമൂൽ വിമത എം.പി കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലുള്ള സംഘം ന്യൂഡൽഹിയിൽ ലോക്സഭാ സ്പീക്കർ ഓം ബിർളയെ നേരിട്ട് കണ്ട് സഭയിൽ തങ്ങൾക്ക് പ്രത്യേക സീറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. പാർട്ടിയിലെ മൂന്നിൽ രണ്ട് ഭാഗം എം.പിമാരുടെ (20 ഓളം എം.പിമാർ) പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ഈ വിമത ഗ്രൂപ്പിന്റെ അവകാശവാദം. എന്നാൽ, ഈ വിമത നീക്കത്തിനെതിരെ തൃണമൂൽ കോൺഗ്രസ് നേതൃത്വവും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. പാർട്ടിയിൽ യാതൊരുവിധത്തിലുള്ള പ്രത്യേക ഗ്രൂപ്പുകൾക്കും അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് ടി.എം.സി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി സ്പീക്കർക്ക് കത്തയച്ചു. ലോക്സഭയിലെ പാർലമെന്ററി പാർട്ടി രൂപപ്പെടുന്നത് മാതൃപാർട്ടിയിൽ നിന്നാണെന്നും നിയമപരമായി ഒരൊറ്റ എ.ഐ.ടി.സി മാത്രമേയുള്ളൂവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എം.പിമാർക്ക് സ്വന്തം ഇഷ്ടപ്രകാരം പാർട്ടിക്കുള്ളിൽ സമാന്തര ഗ്രൂപ്പുകൾ ഉണ്ടാക്കാനോ സഭയിൽ പ്രത്യേക അംഗീകാരം അവകാശപ്പെടാനോ നിയമപരമായ അധികാരമില്ലെന്നാണ് തൃണമൂലിന്റെ നിലപാട്



