ആഭിചാരക്രിയകൾക്കിടെ 15-കാരിയെ പീഡിപ്പിക്കാൻ ശ്രമം; ബി.ജെ.പി നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ

കൊല്ലം: പൂജകളുടെയും ആഭിചാരക്രിയകളുടെയും മറവിൽ പതിനഞ്ചുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബി.ജെ.പി നേതാവിനെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റിയംഗവും പോരുവഴി പഞ്ചായത്ത് സമിതി മുൻ പ്രസിഡന്റുമായ പോരുവഴി ഇടയ്ക്കാട് തെക്ക് കാഞ്ഞിരവിള വടക്കതിൽ ടി. രഞ്ജു (52) ആണ് പോക്സോ നിയമപ്രകാരം പോലീസിന്റെ പിടിയിലായത്.

ഈ മാസം 10-ാം തീയതി അർദ്ധരാത്രിയിൽ നെല്ലിമുകൾ മുണ്ടപ്പള്ളി മുളമുക്കിലുള്ള പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബത്തിന്റെ താല്പര്യപ്രകാരം വീട്ടുകാരുടെ സാന്നിധ്യത്തിൽ പ്രത്യേക പൂജകളും ആഭിചാര കർമ്മങ്ങളും നടത്തുന്നതിനിടയിലാണ് പ്രതി പെൺകുട്ടിക്ക് നേരെ അതിക്രമത്തിന് മുതിർന്നത്. ക്രിയകൾ പുരോഗമിക്കുന്നതിനിടെ ഇയാൾ പെൺകുട്ടിയെ മാത്രം ഒരു മുറിയിലേക്ക് തന്ത്രപൂർവ്വം ഒറ്റയ്ക്ക് വിളിച്ചുവരുത്തുകയും, തുടർന്ന് ബലമായി കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.

രഞ്ജുവിനെ ആഭിചാരക്രിയകൾ നടത്തുന്നതിനായി മറ്റൊരു സുഹൃത്ത് വഴിയാണ് പെൺകുട്ടിയുടെ വീട്ടുകാർ വിശ്വസിച്ച് വിളിച്ചുവരുത്തിയത് എന്നാണ് ലഭ്യമാകുന്ന വിവരം. അതിക്രമത്തിന് പിന്നാലെ പെൺകുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തതും പ്രതിയെ ഉടനടി കസ്റ്റഡിയിലെടുത്തതും. അറസ്റ്റിലായ രഞ്ജുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രാഷ്ട്രീയ രംഗത്ത് സജീവമായ ഒരു നേതാവ് തന്നെ ഇത്തരമൊരു ക്രൂരകൃത്യത്തിൽ പിടിയിലായത് നാട്ടിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles