മയാമി: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സൗദി അറേബ്യയും ഉറുഗ്വായും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ അത്ഭുതപ്പെടുത്തിയ ഒരു അപൂർവ കാഴ്ചയ്ക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മത്സരത്തിന് മുന്നോടിയായി ഇരു രാജ്യങ്ങളുടെയും ഭീമാകാരമായ പതാകകൾ സ്റ്റേഡിയത്തിലെ പുൽമൈതാനത്ത് പുല്ലിൽ തൊടാതെ അന്തരീക്ഷത്തിൽ ഉയർന്നുതന്നെ നിന്നു.
ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളിൽ നിന്നും സൗദി അറേബ്യയുടെ ദേശീയ പതാകയെ വേറിട്ടു നിർത്തുന്നത് അതിനോടുള്ള സമാനതകളില്ലാത്ത ആദരവും കടുപ്പമേറിയ പ്രോട്ടോക്കോളുകളുമാണ്. ഭൂമിയിൽ ഒരിക്കലും താഴ്ത്തിവെക്കുകയോ നിലം തൊടുകയോ ചെയ്യാത്ത ലോകത്തിലെ ഏക ദേശീയ പതാകയാണ് സൗദി അറേബ്യയുടേത്. പതാകയിൽ രേഖപ്പെടുത്തിയിരിക്കുന്ന വിശുദ്ധമായ ‘ശഹാദത്ത് കലിമ’ (അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്നും മുഹമ്മദ് നബി അവന്റെ ദൂതനാണെന്നുമുള്ള ഇസ്ലാമിക വിശ്വാസപ്രഖ്യാപനം) കാരണമാണിത്.
മതപരവും ദേശീയവുമായ കടുത്ത നിയമങ്ങൾ മുൻനിർത്തി സൗദി പതാക എപ്പോഴും ഉയർന്നുതന്നെ ഇരിക്കണമെന്ന് നിർബന്ധമുണ്ട്. പതാകയോടുള്ള പരമാവധി ആദരവ് നിലനിർത്താൻ ദുഃഖാചരണ വേളകളിൽ പോലും ഇത് പകുതി താഴ്ത്തി കെട്ടരുതെന്ന പ്രത്യേക നിയമവും സൗദി അറേബ്യയിലുണ്ട്.
ലോകകപ്പിൽ മത്സരങ്ങൾക്ക് മുന്നോടിയായി ടീമുകളുടെ ഭീമാകാരമായ പതാകകൾ സ്റ്റേഡിയത്തിലെ പുൽമൈതാനത്ത് പൂർണ്ണമായി വിരിച്ചുപിടിക്കുന്ന ശൈലിയാണ് ഫിഫ ഇത്തവണ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ സൗദിയുടെ മത്സരത്തിൽ പതാകയിൽ രേഖപ്പെടുത്തിയിരിക്കുന്ന വിശുദ്ധ വചനങ്ങളുടെ പവിത്രത കണക്കിലെടുത്ത്, അത് മൈതാനത്തെ പുല്ലിൽ തൊടുന്നത് പൂർണ്ണമായി ഒഴിവാക്കാൻ സംഘാടകർ പ്രത്യേക ശ്രദ്ധ ചെലുത്തി.
മറ്റ് മത്സരങ്ങളിൽ പതാകകൾ നിലത്ത് വിരിച്ചിടുകയാണ് പതിവെങ്കിൽ, സൗദി-ഉറുഗ്വാ മത്സരത്തിൽ പതാക വഹിച്ച വളണ്ടിയർമാർ അത് മൈതാനത്തെ പുല്ലിൽ മുട്ടിക്കാതെ കൈകളിൽ ഉയർത്തിപ്പിടിക്കുകയാണ് ചെയ്തത്. മൈതാനത്ത് ദൃശ്യഭംഗിയിലും പ്രോട്ടോക്കോളിലും തുല്യത നിലനിർത്താൻ വേണ്ടി സൗദി പതാകയ്ക്കൊപ്പം എതിർ ടീമായ ഉറുഗ്വേയുടെ പതാകയും നിലം തൊടാതെ ഉയർത്തിപ്പിടിച്ചാണ് ദേശീയ ഗാനങ്ങൾ ആലപിച്ചത്.
ഒരു അന്താരാഷ്ട്ര കായിക മാമാങ്കത്തിന്റെ പൊതുനിയമങ്ങൾക്കപ്പുറം, ഒരു രാജ്യത്തിന്റെ മതപരവും സാംസ്കാരികവുമായ വിശ്വാസങ്ങളെ ലോകം ഉയർന്ന രീതിയിൽ ബഹുമാനിച്ച ഈ നടപടി ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ വലിയ പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു.



