അമേരിക്ക വിടാൻ ഉത്തരവ്; ലോകകപ്പിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നത് ഞങ്ങളെന്ന് ഇറാൻ ഫുട്ബോൾ കോച്ച്

കാലിഫോർണിയ: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡുമായി സമനില വഴങ്ങിയതിന് പിന്നാലെ, ഇറാൻ ഫുട്‌ബോൾ ടീമിനോട് ഉടനടി അമേരിക്ക വിട്ടുപോകാൻ അധികൃതർ ഉത്തരവിട്ടതായി മുഖ്യ പരിശീലകൻ അമീർ ഘാലെനോയി വെളിപ്പെടുത്തി. കടുത്ത രാഷ്ട്രീയ പിരിമുറുക്കങ്ങൾക്കിടയിൽ നടക്കുന്ന ഈ ലോകകപ്പിൽ, തങ്ങളുടേത് ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന ടീം ആണെന്ന് അദ്ദേഹം മാധ്യമങ്ങളോട് തുറന്നടിച്ചു. ലോസ് ആഞ്ചലസിലെ സോഫി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിന് ശേഷം, കളിക്കാർക്ക് ശാരീരികക്ഷമത വീണ്ടെടുക്കാൻ പോലും സമയം അനുവദിക്കാതെയാണ് മെക്‌സിക്കോയിലെ പരിശീലന ക്യാമ്പിലേക്ക് മടങ്ങാൻ യു.എസ് അധികൃതർ ഉത്തരവിട്ടത്. കാലിഫോർണിയയിൽ രാത്രി തങ്ങിയ ശേഷം അടുത്ത ദിവസം ഉച്ചയോടെ മെക്‌സിക്കോയിലെ ടിജുവാനയിലേക്ക് മടങ്ങാനായിരുന്നു ഇറാൻ ടീം നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ കളി കഴിഞ്ഞ ഉടൻ തന്നെ വിമാനത്തിൽ കയറാൻ താരങ്ങൾക്ക് നിർദേശം ലഭിക്കുകയായിരുന്നു എന്ന് കോച്ച് ആരോപിച്ചു.

മത്സരത്തിന് ശേഷം തങ്ങളോട് എത്രയും വേഗം ഇവിടം വിടാൻ ആവശ്യപ്പെട്ടത് വലിയ രീതിയിൽ പ്രയാസപ്പെടുത്തുന്നുണ്ടെന്ന് പരിശീലകൻ പറഞ്ഞു. ഒരു കളിക്ക് ശേഷം കളിക്കാർക്ക് വിശ്രമം എത്രത്തോളം പ്രധാനമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്നും, എന്നാൽ അത്തരം മാനുഷിക പരിഗണനകൾ പോലും തങ്ങൾക്ക് ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയും ഇറാനും തമ്മിലുള്ള കടുത്ത നയതന്ത്ര തർക്കങ്ങളും രാഷ്ട്രീയ യുദ്ധങ്ങളും ലോകകപ്പ് ടീമിനെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് കോച്ചും ക്യാപ്റ്റൻ മെഹ്ദി താരെമിയും വ്യക്തമാക്കുന്നുണ്ട്. ഇറാൻ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ്, സഹപരിശീലകർ, മീഡിയ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന പ്രധാന സ്റ്റാഫുകൾക്ക് യു.എസ് വിസ നിഷേധിച്ച സാഹചര്യമാണ് നിലവിലുള്ളത്. ഇത് കാരണം സാങ്കേതിക വിഭാഗത്തിലെ ആളുകളാണ് നിലവിൽ ടീമിന്റെ മാനേജീരിയൽ ചുമതലകൾ കൂടി നിർവഹിക്കുന്നത്.

കൂടാതെ, മെക്‌സിക്കോ അതിർത്തിയിൽ നിന്നും ലോസ് ഏഞ്ചൽസിലേക്കുള്ള ചെറിയൊരു യാത്രയ്ക്ക് പോലും സുരക്ഷാ പരിശോധനകളുടെ പേരിൽ അഞ്ച് മണിക്കൂറിലധികം താരങ്ങൾക്ക് അതിർത്തിയിൽ കാത്തുനിൽക്കേണ്ടി വന്നിരുന്നു. വിസ പ്രശ്‌നങ്ങൾ കാരണം അരിസോണയിൽ നടത്താനിരുന്ന പരിശീലന ക്യാമ്പ് അവസാന നിമിഷമാണ് മെക്‌സിക്കോയിലെ ടിജുവാനയിലേക്ക് മാറ്റേണ്ടി വന്നത്. എന്തുകൊണ്ടാണ് അവർ തങ്ങളെ ഇങ്ങനെ മടക്കി അയക്കുന്നതെന്ന് സത്യസന്ധമായി പറഞ്ഞാൽ അറിയില്ലെന്ന് കോച്ച് വ്യക്തമാക്കി. ഇത് വളരെ വിചിത്രമാണെന്നും, തങ്ങൾക്ക് വേണ്ടിയുള്ള പദ്ധതികൾ തയ്യാറാക്കുന്നത് മറ്റാരോ ആണെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന ടീം തങ്ങളാണെന്ന് പറയുന്നതെന്നും ഘാലെനോയി കൂട്ടിച്ചേർത്തു. ശരിയായ വിശ്രമം ലഭിക്കാത്തത് കാരണം യാത്രയുടെ കടുത്ത തളർച്ച താരങ്ങളെ ബാധിച്ചിട്ടുണ്ടെന്നും, ന്യൂസിലൻഡിനെതിരെയുള്ള മത്സരത്തിൽ പല കളിക്കാർക്കും മസിൽ ക്രാമ്പ് അനുഭവപ്പെട്ടത് ഇതുകൊണ്ടാണെന്നും കോച്ച് വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles