ഗസ സിറ്റി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഗസ സ്ട്രിപ്പിന്റെ ഭരണം നിയന്ത്രിച്ചിരുന്ന ഗവൺമെന്റ് എമർജൻസി കമ്മിറ്റി (ഭരണസമിതി) പിരിച്ചുവിട്ടതായി പലസ്തീൻ സംഘടനയായ ഹമാസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. യുദ്ധക്കെടുതിയിലായ ഗസയിൽ സിവിലിയൻ ഭരണം നടപ്പിലാക്കുന്നതിനായി ഒരു ടെക്നോക്രാറ്റിക് (സാങ്കേതിക) സമിതിക്ക് വഴിമാറിക്കൊടുക്കുന്നതിന്റെ ഭാഗമായാണ് തിങ്കളാഴ്ച ഈ നിർണ്ണായക തീരുമാനം പ്രഖ്യാപിച്ചത്. ധാരണയായ ക്രമീകരണങ്ങൾ നടപ്പിലാക്കുന്നതിലും ഭരണപരമായ കൈമാറ്റ പ്രക്രിയകൾ സുഗമമാക്കുന്നതിലും ഹമാസിന്റെ ഗൗരവം തെളിയിക്കുന്നതിനായി ഗവൺമെന്റ് എമർജൻസി കമ്മിറ്റിയുടെ തലവൻ മുഹമ്മദ് അൽ-ഫറ തന്റെ ഔദ്യോഗിക രാജി സമർപ്പിച്ചതായി ഗാസയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം, 2007-ൽ ഫതഹ് പ്രസ്ഥാനത്തിൽ നിന്ന് ഗസയുടെ നിയന്ത്രണം ഏറ്റെടുത്ത ഹമാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ചുവടുമാറ്റമാണിത്. കഴിഞ്ഞ ഒക്ടോബറിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രായേലുമായി വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതുമുതൽ ദൈനംദിന ഭരണത്തിൽ നിന്ന് മാറിനിൽക്കാൻ തയ്യാറാണെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നെങ്കിലും, സംഘടനയുടെ നിരായുധീകരണത്തെക്കുറിച്ചുള്ള തർക്കങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുകയാണ്.
ഗസയിലെ ഇസ്രായേലിന്റെ അധിനിവേശത്തിനും വംശഹത്യയ്ക്കും അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ പിന്തുണയോടെ തയ്യാറാക്കിയ പദ്ധതി പ്രകാരം, ഗസയുടെ ഭാവി ഭരണം നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള ‘നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗസ’ എത്രയും വേഗം ചുമതലയേൽക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം എഎഫ്പി വാർത്താ ഏജൻസിയോട് പറഞ്ഞു. ഗസയുടെ നിയന്ത്രണം ഒഴിയുന്നതിലൂടെ, അധിനിവേശം തുടരാൻ ഇസ്രായേൽ ഉന്നയിക്കുന്ന കാരണങ്ങളെ ഇല്ലാതാക്കുകയാണ് ഹമാസ് ചെയ്യുന്നത്. പുതിയ സമിതിയുടെ വിജയത്തിനായി ഭരണപരമായ എല്ലാ ഉത്തരവാദിത്തങ്ങളും കൈമാറാൻ ഹമാസ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. മാസങ്ങളായി തുടരുന്ന ഭരണപരമായ ശൂന്യതയ്ക്ക് പരിഹാരം കാണാനും സമാധാന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനുമുള്ള ഹമാസിന്റെ വലിയൊരു വിട്ടുവീഴ്ചയായാണ് അന്താരാഷ്ട്ര സമൂഹം ഇതിനെ കാണുന്നത്. എന്നാൽ, ഈ നീക്കം ഹമാസ് തങ്ങളുടെ രാഷ്ട്രീയമോ സൈനികമോ ആയ പങ്ക് പൂർണ്ണമായും ഉപേക്ഷിക്കുന്നു എന്നല്ല അർത്ഥമാക്കുന്നത്, മറിച്ച് നേരിട്ടുള്ള സിവിലിയൻ ഭരണത്തിൽ നിന്ന് താൽക്കാലികമായി പിൻവാങ്ങുക മാത്രമാണ് ചെയ്യുന്നത്.
ഹമാസിന്റെ ഈ പ്രഖ്യാപനത്തെ എൻസിഎജി തലവൻ അലി ഷാത്ത് സ്വാഗതം ചെയ്തു. ആവശ്യമായ വിഭവങ്ങളും സൌകര്യങ്ങളും ലഭ്യമാകുന്ന മുറയ്ക്ക് ഗസയുടെ ദേശീയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സമിതി പൂർണ്ണ സജ്ജമാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. എൻസിഎജിയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന, യുഎസ് സ്ഥാപിച്ച ‘ബോർഡ് ഓഫ് പീസ് ഫോർ ഗസ’യുടെ ഉന്നത പ്രതിനിധി നിക്കോളായ് മ്ലാദെനോവും തീരുമാനത്തെ അഭിനന്ദിച്ചു. അവശേഷിക്കുന്ന നടപ്പാക്കൽ വ്യവസ്ഥകളിൽ അന്തിമ ധാരണയാകുന്നതോടെ സമിതിക്ക് പൂർണ്ണ ചുമതലയേൽക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ ഇസ്രായേലിന്റെ കടുത്ത എതിർപ്പ് കാരണം ഈ ഭരണസമിതി മാസങ്ങളായി ഗാസയ്ക്ക് പുറത്താണ് പ്രവർത്തിക്കുന്നത്. ഗസ ഭരിക്കാൻ ഹമാസിനെയോ അതല്ലെങ്കിൽ വെസ്റ്റ് ബാങ്ക് നിയന്ത്രിക്കുന്ന പലസ്തീനിയൻ അതോറിറ്റിയെയോ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഇസ്രായേൽ ഇപ്പോഴുമുള്ളത്.



