ന്യൂഡൽഹി/ടെഹ്റാൻ: ഗൾഫ് മേഖലയിൽ യുഎസ്-ഇറാൻ സൈനിക സംഘർഷം കനക്കുന്നതിനിടെ, ഹോർമോസ് കടലിടുക്കിലുണ്ടായ ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ ഇറാന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ (ഡെപ്യൂട്ടി അംബാസഡർ) അടിയന്തരമായി വിളിച്ചുവരുത്തിയാണ് ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചത്. ഗൾഫ് മേഖലയിൽ വലിയ തോതിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവിക സമൂഹത്തിന്റെ സുരക്ഷയിൽ രാജ്യം കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. യുഎസും ഇറാനും തമ്മിലുള്ള താൽക്കാലിക സമാധാന കരാർ അവസാനിച്ചതിന് പിന്നാലെ മേഖലയിൽ വ്യോമാക്രമണങ്ങൾ കൂടുതൽ ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നയതന്ത്ര നീക്കം. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ റവല്യൂഷണറി ഗാർഡ്സ് ക്രൂസ് മിസൈലുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെടുകയും മറ്റ് ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.
ഹോർമോസ് കടലിടുക്കിന്റെ തെക്കൻ കപ്പൽപ്പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ‘മൊംബാസ’, ‘അൽ ബഹിയ’ എന്നീ യുഎഇ ടാങ്കറുകൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് കപ്പലുകളിൽ വൻ തീപിടിത്തമുണ്ടായെങ്കിലും ജീവനക്കാർ അത് നിയന്ത്രണവിധേയമാക്കി. എന്നാൽ, തങ്ങൾ നൽകിയ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച്, നാവിഗേഷൻ സംവിധാനങ്ങൾ ഓഫാക്കി നിയമവിരുദ്ധമായ പാതയിലൂടെ സഞ്ചരിച്ചതിനാലാണ് കപ്പലുകളെ തടഞ്ഞതെന്നാണ് ഇറാന്റെ വാദം. പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോൾ ഇരുവിഭാഗവും ഹോർമോസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി കടുത്ത അവകാശവാദങ്ങളാണ് ഉന്നയിക്കുന്നത്. ചരക്കുകപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ നീക്കങ്ങൾക്ക് മറുപടിയായി തങ്ങൾ ഇറാന്റെ 140-ലധികം സൈനിക ലക്ഷ്യങ്ങൾ തകർത്തതായി അമേരിക്കൻ സൈന്യം അവകാശപ്പെട്ടു.
ഇതോടൊപ്പം ഗൾഫ് മേഖലയിലുടനീളം ഇറാൻ മിസൈൽ വർഷം തുടരുകയാണ്. കുവൈറ്റ്, ബഹ്റൈൻ, ജോർദാൻ, ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പ്രദേശങ്ങൾക്ക് നേരെയും ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ചരക്കുഗതാഗതത്തിന്റെ നിർണ്ണായക പാതയായ ഹോർമോസ് കടലിടുക്കിൽ യുദ്ധം രൂക്ഷമാകുന്നത് ആഗോള സുരക്ഷയെയും എണ്ണ വിപണിയെയും പൂർണ്ണമായി അസ്ഥിരപ്പെടുത്തിയിരിക്കുകയാണ്.



