റിയാദ്: പ്രവാസികൾക്ക് താങ്ങാനാവാത്ത രീതിയിൽ വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത വിമാനനിരക്കുകൾ നിയന്ത്രിക്കുന്നതിനായി വ്യക്തമായ ചട്ടങ്ങളും ഫലപ്രദമായ സംവിധാനവും കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, ഈ വിഷയത്തിൽ സുപ്രീം കോടതി സ്വീകരിച്ച ഇടപെടലിനെ തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം സ്വാഗതം ചെയ്തു.
അവധി സീസണുകളിലും സ്കൂൾ അവധിക്കാലങ്ങളിലും അടിയന്തര യാത്രാ സാഹചര്യങ്ങളിലും വിമാന ടിക്കറ്റ് നിരക്കുകൾ ക്രമാതീതമായി ഉയരുന്നത് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നതായി ഫോറം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് സാധാരണ തൊഴിലാളികളും കുറഞ്ഞ വരുമാനമുള്ള പ്രവാസികളുമാണ് ഇതിന്റെ ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്നതെന്നും ഭാരത സർക്കാരും ബന്ധപ്പെട്ട നിയന്ത്രണ ഏജൻസികളും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.
വിമാനനിരക്കുകൾക്ക് യുക്തിസഹമായ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തുകയും യാത്രക്കാരുടെ താൽപര്യം സംരക്ഷിക്കുന്ന തരത്തിൽ സുതാര്യമായ നയങ്ങൾ നടപ്പാക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ വിഷയത്തിൽ സുപ്രീം കോടതി നടത്തിയ ഇടപെടൽ ലക്ഷക്കണക്കിന് പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം അഭിപ്രായപ്പെട്ടു.
പ്രവാസി യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ന്യായമായ വിമാനനിരക്കുകൾ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഫോറം ആവശ്യപ്പെട്ടു.
പ്രസ്താവനയിൽ ഫോറം ചെയർമാൻ ഡോ. അബ്ദുൽ അസീസ് സുബൈർകുഞ്ഞ്, ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര, ട്രഷറർ ബഷീർ കോട്ടയം, മീഡിയ കോർഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി എന്നിവർ അറിയിച്ചു.



