വിദേശ രാജ്യങ്ങളിലെ പാസ്‌പോർട്ട്-വിസ കരാർ റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കേന്ദ്രം സുപ്രിംകോടതിയിൽ

ന്യൂഡൽഹി: യു.എ.ഇ ഉൾപ്പെടെയുള്ള നാല് വിദേശരാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിലും കോൺസുലേറ്റുകളിലും പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങൾ എന്നിവ നൽകുന്നതിനായി ഒപ്പുവെച്ച പുതിയ കരാറുകൾ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ സുപ്രിംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രവിദേശകാര്യ മന്ത്രാലയം നൽകിയ അടിയന്തര ഹരജി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ സുപ്രിംകോടതിയുടെ പ്രത്യേക ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. വിദേശരാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുടെ സുഗമമായ പ്രവർത്തനങ്ങളെ ബാധിക്കുന്ന വിഷയമായതിനാലാണ് കേന്ദ്രം അടിയന്തരമായി പരമോന്നത കോടതിയെ സമീപിച്ചത്.

ടെൻഡർ അനുവദിക്കുന്നതിനായുള്ള സാങ്കേതിക മൂല്യനിർണ്ണയ പ്രക്രിയയിൽ അനിയന്ത്രിതമായ തീരുമാനങ്ങളും യുക്തിരഹിതമായ നിലപാടുകളും സുതാര്യതയില്ലായ്മയും ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ജൂലൈ 15-ന് ഡൽഹി ഹൈക്കോടതി വിവാദ ടെൻഡർ നടപടികൾ പൂർണ്ണമായി റദ്ദാക്കിയത്. ട്രാവൽ ടെക്നോളജി പ്ലാറ്റ്‌ഫോമായ ‘ഇ-ട്രാവ് ടെക്’, ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കേഷൻ അതോറിറ്റിയായ ‘വെരാസിസ്’ എന്നീ കമ്പനികൾ സമർപ്പിച്ച ഏഴ് ഹരജികളിലാണ് ജസ്റ്റിസ് അനിൽ ക്ഷേത്രപാൽ, ജസ്റ്റിസ് ഷൈൽ ജെയിൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ വിധി പ്രസ്താവിച്ചത്. വിദേശകാര്യ മന്ത്രാലയം നടത്തിയ ബിഡ് മൂല്യനിർണയത്തിൽ ഭരണഘടനാ വിരുദ്ധമായ ഒട്ടനവധി പോരായ്മകൾ ഉണ്ടെന്ന് ഹൈക്കോടതി കടുത്ത ഭാഷയിൽ നിരീക്ഷിച്ചിരുന്നു.

ടെൻഡർ മാനദണ്ഡങ്ങളിൽ മുൻകൂട്ടി വെളിപ്പെടുത്താത്ത നിബന്ധനകൾ അവസാന നിമിഷം ഉപയോഗിക്കുക, കൃത്യമായ കാരണങ്ങളില്ലാതെ ബിഡ് സമർപ്പിച്ചവരുടെ മാർക്ക് കുറയ്ക്കുക, പരസ്പരവിരുദ്ധമായ മാർക്കിങ് രീതികൾ അവലംബിക്കുക, റദ്ദാക്കലിന് വ്യക്തമായ കാരണങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്താതിരിക്കുക തുടങ്ങിയ ഗുരുതരമായ വീഴ്ചകളാണ് ഹൈക്കോടതി അന്വേഷണത്തിൽ കണ്ടെത്തിയത്. ബിഡ് സമർപ്പിച്ച രണ്ട് കമ്പനികൾക്കും അവരുടെ സാങ്കേതിക നിർദ്ദേശങ്ങളിലെ പോരായ്മകൾ കൃത്യമായി ബോധ്യപ്പെടുത്താതെ വളരെ കുറഞ്ഞ മാർക്ക് നൽകി തള്ളിക്കളഞ്ഞത് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 14-ന്റെ നഗ്നമായ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് സ്വാഭാവിക നീതിക്കും സുതാര്യമായ ഭരണനടപടികൾക്കും വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കരാർ റദ്ദാക്കിയത്. ഈ വിധി ഭരണപരമായ പ്രതിസന്ധി ഉണ്ടാക്കുമെന്നതിനാലാണ് കേന്ദ്രം ഇപ്പോൾ സുപ്രിംകോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles