തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി സർക്കാർ നടപ്പാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി, സംസ്ഥാനത്തെ സ്വകാര്യ ഗതാഗത മേഖലയെ കനത്ത പ്രതിസന്ധിയിലാക്കുന്നു. സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ, ഓട്ടോറിക്ഷകൾ, ടാക്സികൾ എന്നിവയിലെ തൊഴിലാളികൾ കടുത്ത വരുമാന നഷ്ടമാണ് ഇപ്പോൾ നേരിടുന്നത്. കെ.എസ്.ആർ.ടി.സിയിൽ യാത്ര പൂർണ്ണമായും സൗജന്യമാക്കിയതോടെ വലിയൊരു വിഭാഗം വിദ്യാർത്ഥിനികൾ സ്കൂൾ ബസുകൾ ഉപേക്ഷിച്ചു. ഇതോടെ സ്കൂൾ ബസുകളിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. സമാനമായി, റെയിൽവേ സ്റ്റേഷനുകളിൽ നിന്നും മറ്റും ഓട്ടോറിക്ഷകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലും വൻ ഇടിവുണ്ടായതോടെ ഓട്ടോ തൊഴിലാളികളുടെ ഉപജീവനമാർഗ്ഗവും അപകടത്തിലായിരിക്കുകയാണ്.
പദ്ധതി നിലവിൽ വന്നതിന് പിന്നാലെ കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. പ്രതിദിനം യാത്ര ചെയ്യുന്ന വനിതകളുടെ എണ്ണം 7.25 ലക്ഷത്തിൽ നിന്ന് 12 ലക്ഷമായി ഉയർന്നതായി ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. നിലവിൽ കെ.എസ്.ആർ.ടി.സിയിലെ ആകെ യാത്രക്കാരിൽ 65 ശതമാനവും സ്ത്രീകളാണ്. ഒരു മാസം കൊണ്ട് ഏകദേശം 95 കോടി രൂപയുടെ സൗജന്യ യാത്രയാണ് പൂർത്തിയായത്. ഈ ചുരുങ്ങിയ കാലയളവിൽ മൂന്ന് കോടിയിലധികം സ്ത്രീകൾ പദ്ധതി പ്രകാരം സൗജന്യമായി യാത്ര ചെയ്തു കഴിഞ്ഞു. 3,125 ഓർഡിനറി ബസുകളാണ് നിലവിൽ ഈ സൗജന്യ സേവനത്തിനായി സംസ്ഥാനത്തുടനീളം സർവിസ് നടത്തുന്നത്.
പ്രിയദർശിനി പദ്ധതി സ്ത്രീകളുടെ ജീവിതത്തിൽ വലിയ ഗുണപരമായ മാറ്റങ്ങൾ വരുത്തിയെന്നും സാധാരണക്കാരുടെ കുടുംബ ബജറ്റിനെ അനുകൂലമായി മാറ്റിമറിച്ചെന്നും ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞു. സമീപകാലത്തൊന്നും മറ്റൊരു സർക്കാർ പദ്ധതിയും ജനങ്ങൾ ഇത്രയധികം സന്തോഷത്തോടെ ഏറ്റെടുത്തിട്ടില്ലെന്നും പ്രതിപക്ഷം പോലും ഇതിന്റെ വിജയത്തെ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ, ഈ ജനപ്രീതി സ്വകാര്യ ബസ് മേഖലയ്ക്ക് കനത്ത പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്. പദ്ധതി ആരംഭിച്ച് വെറും ഒരു മാസത്തിനിടെ സ്വകാര്യ ബസ് മേഖലയ്ക്ക് 65 കോടി രൂപയുടെ ഭീമമായ വരുമാന നഷ്ടമുണ്ടായതായി ബസ് ഉടമകൾ വ്യക്തമാക്കുന്നു. വരുമാന ചോർച്ച താങ്ങാനാകാതെ സംസ്ഥാനത്തുടനീളം അഞ്ഞൂറിലധികം സ്വകാര്യ ബസുകളാണ് ഇതിനകം സർവിസ് പൂർണ്ണമായി നിർത്തിവെച്ചത്. പ്രതിദിന കളക്ഷൻ കുത്തനെ ഇടിഞ്ഞതോടെ ഡീസൽ അടിക്കാനും ബസ് തൊഴിലാളികൾക്ക് കൂലി നൽകാനും കഴിയാത്ത അതീവ ഗുരുതരമായ സാഹചര്യത്തിലാണ് തങ്ങളുള്ളതെന്ന് ബസുടമകൾ പരാതിപ്പെടുന്നു.
പുതിയ സാഹചര്യം വിലയിരുത്തി സ്വകാര്യ ബസ് മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പഠിക്കാൻ മുൻ ഗതാഗത കമീഷണർ കെ. പദ്മകുമാറിന്റെ അധ്യക്ഷതയിൽ അഞ്ചംഗ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ആറ് ആഴ്ചക്കകം ഈ സമിതിയോട് വിശദമായ പഠന റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. ഈ സമിതി സമർപ്പിക്കുന്ന ഔദ്യോഗിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ബസ് ഉടമകൾക്ക് ഇന്ധന സബ്സിഡിയോ അല്ലെങ്കിൽ മറ്റ് നികുതി ഇളവുകളോ നൽകുന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കും.



