റിയാദ്: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്ത് നടത്തുന്ന അനധികൃത സംഭാവന സമാഹരണങ്ങൾക്കെതിരെ കർശന നടപടിയുമായി സൗദി അറേബ്യൻ ഭരണകൂടം. വൈകാരികമായ വീഡിയോകളും കുറിപ്പുകളും പങ്കുവെച്ച് സഹതാപം പിടിച്ചുപറ്റി പണം തട്ടുന്ന പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മന്ത്രാലയങ്ങളുടെ സംയുക്ത നീക്കം. സർക്കാർ മുൻകൂട്ടി അനുമതി നൽകാത്ത വ്യക്തികളോ ഗ്രൂപ്പുകളോ സോഷ്യൽ മീഡിയയിലൂടെ നേരിട്ട് പണപ്പിരിവ് നടത്തുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നവർ ‘ഇഹ്സാൻ’ തുടങ്ങിയ ഔദ്യോഗിക സർക്കാർ പ്ലാറ്റ്ഫോമുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. രോഗാവസ്ഥകൾ, ദാരിദ്ര്യം, കുടുംബ പ്രശ്നങ്ങൾ എന്നിവ പൊതുസ്ഥലത്ത് പങ്കുവെച്ച് സഹായം അഭ്യർത്ഥിക്കുന്നതിന് കർശന നിയന്ത്രണങ്ങളുണ്ട്. ആധികാരികത ഉറപ്പുവരുത്താതെ ഇത്തരം പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കാൻ ഉദ്ദേശിക്കുന്ന വ്യക്തികളോ സ്ഥാപനങ്ങളോ ബന്ധപ്പെട്ട സർക്കാർ മന്ത്രാലയങ്ങളിൽ നിന്ന് കൃത്യമായ ലൈസൻസ് നേടിയിരിക്കണം. ലൈസൻസില്ലാതെ നടത്തുന്ന എല്ലാവിധ പിരിവുകളും നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അംഗീകൃത സ്ഥാപനങ്ങൾ പോലും തങ്ങൾ സ്വീകരിക്കുന്ന സംഭാവനകൾ എങ്ങനെ വിനിയോഗിക്കുന്നു എന്നത് സംബന്ധിച്ച കൃത്യമായ ഓഡിറ്റ് റിപ്പോർട്ടുകളും കണക്കുകളും സർക്കാരിന് സമർപ്പിക്കാൻ ബാധ്യസ്ഥരാണ്. രാജ്യത്തെ പണത്തിന്റെ ഒഴുക്ക് കൃത്യമായി നിരീക്ഷിക്കുന്നതിനായി പ്രത്യേക സാമ്പത്തിക മേൽനോട്ട ഏജൻസികൾക്ക് സർക്കാർ അധികാരം നൽകിയിട്ടുണ്ട്.
പുതിയ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ വൻ തുക പിഴയും ജയിൽ ശിക്ഷയും ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിക്കാനും ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്യാനും ഭരണകൂടത്തിന് പൂർണ്ണ അധികാരമുണ്ട്. വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്ന് പൊതുജനങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. സഹായം ആവശ്യമുള്ള യഥാർത്ഥ വ്യക്തികളെ കണ്ടെത്തുന്നതിന് ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കണമെന്നും, അനധികൃതമായ പണപ്പിരിവുകളിൽ ഒരിക്കലും പങ്കാളികളാകരുതെന്നും അധികൃതർ പൗരന്മാരോടും പ്രവാസികളോടും ആവർത്തിച്ച് അഭ്യർത്ഥിച്ചു.



