ഇന്ധന മീറ്ററിലെ തകരാർ; സൗദിയിൽ 339 സുസുക്കി ഗ്രാൻഡ് വിറ്റാര കാറുകൾ തിരിച്ചുവിളിക്കുന്നു

റിയാദ്: ഇന്ധനത്തിന്റെ അളവ് കൃത്യമായി കാണിക്കുന്ന ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ തകരാർ മൂലം സൗദി അറേബ്യയിൽ മുന്നൂറിലധികം സുസുക്കി ഗ്രാൻഡ് വിറ്റാര കാറുകൾ വിപണിയിൽ നിന്നും തിരിച്ചുവിളിക്കുന്നു. സൗദി വാണിജ്യ മന്ത്രാലയമാണ് 2025 മോഡലിൽപ്പെട്ട 339 ഗ്രാൻഡ് വിറ്റാര എസ്‌യുവികൾ തിരിച്ചുവിളിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കാറിലെ ഇൻസ്ട്രുമെന്റ് പാനലിൽ ഇന്ധനത്തിന്റെ അളവ് തെറ്റായി കാണിക്കുന്നത് മൂലം വാഹനം റോഡിൽ പെട്ടെന്ന് നിന്നുപോകാൻ സാധ്യതയുണ്ടെന്നും ഇത് അപകടങ്ങൾക്ക് വഴിവെച്ചേക്കാമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.

ഈ പശ്ചാത്തലത്തിലാണ് അടിയന്തര നടപടി. തങ്ങളുടെ വാഹനം ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഉപഭോക്താക്കൾക്ക് സൗദി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ ‘Recalls.sa’ സന്ദർശിക്കാവുന്നതാണ്. ഇത്തരത്തിൽ തകരാറുള്ള വാഹനങ്ങളുടെ ഉടമകൾ സുസുക്കിയുടെ സൗദിയിലെ ഔദ്യോഗിക ഡീലറായ ‘നജീബ് ഓട്ടോ’യുമായി ബന്ധപ്പെടണമെന്ന് നിർദ്ദേശമുണ്ട്. ബാധിക്കപ്പെട്ട വാഹനങ്ങളുടെ തകരാർ പൂർണ്ണമായും സൗജന്യമായി പരിഹരിച്ചു നൽകുമെന്നും മന്ത്രാലയം അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles