പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാഹുൽ ഗാന്ധിയുടെ ‘ഛാത്രോം കീ ഗുഞ്ച്’; നെഞ്ചുപൊട്ടി വിദ്യാർത്ഥികളും രക്ഷിതാക്കളും

ഡെറാഡൂൺ: രാജ്യത്തെ ചോദ്യപേപ്പർ ചോർച്ചയ്ക്കും തകർന്ന പരീക്ഷാ സംവിധാനങ്ങൾക്കുമെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡെറാഡൂണിൽ സംഘടിപ്പിച്ച ‘ഛാത്രോം കീ ഗുഞ്ച്’ (വിദ്യാർത്ഥികളുടെ ശബ്ദം) പരിപാടിയിൽ വിദ്യാർത്ഥിസമൂഹത്തിന്റെ കടുത്ത രോഷം അണപൊട്ടിയൊഴുകി. ഡെറാഡൂണിലെ ബന്നു സ്‌കൂൾ ഗ്രൗണ്ടിൽ കനത്ത മഴയെപ്പോലും വകവെക്കാതെ വൈകുന്നേരം മുതൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഒഴുകിയെത്തിയത്. ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ ചിട്ടപ്പെടുത്തിയ റാപ് സംഗീതത്തിന്റെ താളത്തിൽ ചുവടുവെച്ചും, “പേപ്പർലീക് നഹീ ഹോസക്താ” (ചോദ്യപേപ്പർ ചോർച്ച അനുവദിക്കില്ല) എന്ന് ആർത്തുവിളിച്ചും വിദ്യാർത്ഥികൾ രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. വേദിയിലെത്തിയ രാഹുലിനെ മൊബൈൽ ഫ്ലാഷ് ലൈറ്റുകൾ തെളിച്ചാണ് സദസ്സ് വരവേറ്റത്. തുടർന്ന് ചോദ്യപേപ്പർ ചോർച്ചയുടെ യഥാർത്ഥ ഇരകളെ വേദിയിലേക്ക് വിളിച്ച് രാഹുൽ ഗാന്ധി സംസാരിക്കുകയും, അവരുടെ വേദനാജനകമായ അനുഭവങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുകയും ചെയ്തു.

നീറ്റ് പരീക്ഷാ ചോർച്ചയെത്തുടർന്ന് കടുത്ത മാനസിക വിഷമത്താൽ ആത്മഹത്യ ചെയ്ത റിയാ കുമാരി ഥാപയുടെ പിതാവ് രാജേഷ് തന്റെ മകളുടെ ദാരുണമായ അനുഭവം പങ്കുവെച്ചത് സദസ്സിനെയാകെ കണ്ണീരിലാഴ്ത്തി. രണ്ട് തവണ പരീക്ഷയെഴുതിയപ്പോഴും ചോദ്യപേപ്പർ ചോർന്ന വിവരം അറിഞ്ഞതോടെയാണ്, പരീക്ഷ നന്നായി എഴുതിയെന്ന ആത്മവിശ്വാസത്തിൽ ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ മകൾ ജീവനൊടുക്കിയതെന്ന് അദ്ദേഹം വിതുമ്പലോടെ ഓർത്തെടുത്തു. തകർന്ന പരീക്ഷാ സംവിധാനമാണ് മകളെ മരണത്തിലേക്ക് തള്ളിയിട്ടതെന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും, തന്റെ മകൾക്കും തനിക്കും സംഭവിച്ച ഈ ഗതി ഇനിയൊരു മകൾക്കും അച്ഛനും ഉണ്ടാകരുതെന്നും രാജേഷ് പറഞ്ഞതോടെ രാഹുൽ ഗാന്ധി അദ്ദേഹത്തെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.

ആറ് ലക്ഷം സർക്കാർ തൊഴിലുകൾക്കായി ഒമ്പത് കോടി യുവാക്കൾ പരീക്ഷയെഴുതുന്ന ഇന്ത്യയിൽ, നിലവിലുണ്ടായ ചോദ്യപേപ്പർ ചോർച്ച 7.5 കോടിയോളം വരുന്ന വിദ്യാർത്ഥികളുടെ ഭാവിയെയാണ് ബാധിച്ചതെന്ന് രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഇത്രയും വലിയ പ്രതിസന്ധിയുണ്ടായിട്ടും കുറ്റക്കാരായ ഒരാളെപ്പോലും ശിക്ഷിക്കാൻ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോൾ പുറത്തുവന്ന ലീക്കുകൾ യഥാർത്ഥ അഴിമതിയുടെ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷകൾ സുതാര്യമായി നടത്തുക എന്നത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമാണെന്നും, അതിനായി സ്വകാര്യ ഏജൻസികളെ പുറംകരാർ ഏൽപ്പിക്കേണ്ട യാതൊരു കാര്യവുമില്ലെന്നും രാഹുൽ വ്യക്തമാക്കി. പരീക്ഷകൾ പൂർണ്ണമായും സ്വതന്ത്രമാകണമെങ്കിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്വയംഭരണാവകാശം ഉണ്ടാകണം. നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ തലപ്പത്ത് രാഷ്ട്രീയ താല്പര്യങ്ങളോ ബാന്ധവങ്ങളോ ഇല്ലാത്ത യോഗ്യരായ വ്യക്തികളെ മാത്രമേ നിയമിക്കാവൂ എന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

 

Related Articles

- Advertisement -spot_img

Latest Articles