ജിദ്ദ: ഒ.ഐ.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന “പ്രവാസി സേവന കേന്ദ്രം @ ജിദ്ദ” മുഖേന കേരള സർക്കാരിന്റെ നോർക്ക ഐഡി കാർഡ് പ്രചാരണ മാസം (ജൂൺ 15 മുതൽ ജൂലൈ 15 വരെ) സംഘടിപ്പിച്ച പ്രത്യേക ക്യാമ്പയിൻ ശ്രദ്ധേയ വിജയമായി. ഒരു മാസത്തിനുള്ളിൽ ലഭിച്ച മുഴുവൻ അപേക്ഷകർക്കും നോർക്ക ഐഡി കാർഡുകൾ വിതരണം ചെയ്തു. യു എം ഹുസ്സൈൻ മലപ്പുറം അദ്ധ്യക്ഷത വഹിച്ചു പ്രവാസി ഐഡി കാർഡ് വിതരണ ഉത്‌ഘാടനം മുതിർന്ന മാധ്യമ പ്രവർത്തകനും ഗ്രനഥകാരനുമായ മുസാഫിർ നിർവഹിച്ചു.
പല തരത്തിലുള്ള ജീവിത ക്ലേശങ്ങളും സമ്മർദ്ദങ്ങളും അതിജീവിക്കാൻ പ്രവാസികൾക്ക് കരുത്ത് പകരുന്ന ഒ. ഐ. സി. സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സേവന കേന്ദ്രം പ്രശംസനീയമായ ഒരു ചുവടുവെപ്പാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നോർക്കയുടെ സേവനം പ്രവാസികൾക്കും അവരുടെ കുടുംബത്തിനും അനുഭവവേദ്യമാക്കുന്നതിനും ചികിത്സാ പദ്ധതികളും മറ്റ് ജീവകാരുണ്യ – ഇൻഷുറൻസ് പദ്ധതികളുടെ പ്രയോജനവും ബോധവൽക്കരണത്തിലൂടെ അവരെ മനസ്സിലാക്കുന്നതിനുമുള്ള പ്രായോഗിക പരിപാടിയാണ് ഒ. ഐ. സി. സി മലപ്പുറം ജില്ലാ കമ്മിറ്റി അവരുടെ സേവനകേന്ദ്രം പദ്ധതി വഴി ആവിഷ്കരിച്ചിട്ടുള്ളത് എന്നതും ശ്ലാഘനീയമാണ്. സുതാര്യമായ രീതിയിൽ ഈ കർമ്മപരിപാടി മുന്നോട്ട് കൊണ്ട് പോകണമെന്നും കേന്ദ്രം സന്ദർശിച്ച മുസാഫിർ അഭ്യർത്ഥിച്ചു.
ക്യാമ്പയിൻ ആരംഭിച്ചതുമുതൽ ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പ്രവാസികൾ നോർക്ക ഐഡി കാർഡിനായി പ്രവാസി സേവന കേന്ദ്രത്തെ സമീപിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ, ആവശ്യമായ രേഖകൾ ക്രമീകരിക്കൽ, ഓൺലൈൻ രജിസ്ട്രേഷൻ, അപേക്ഷ സമർപ്പിക്കൽ, തുടർനടപടികൾ എന്നിവയിൽ പ്രവർത്തകർ സൗജന്യമായി സഹായവും പിന്തുണയും നൽകി.
കൃത്യം ഒരു മാസത്തിനുള്ളിൽ ലഭിച്ച മുഴുവൻ അപേക്ഷകളും സമയബന്ധിതമായി പൂർത്തീകരിച്ച് എല്ലാ അപേക്ഷകർക്കും നോർക്ക ഐഡി കാർഡുകൾ വിതരണം ചെയ്യാൻ കഴിഞ്ഞത് ക്യാമ്പയിന്റെ ഏറ്റവും വലിയ നേട്ടമാണെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രവാസികൾക്ക് കാര്യക്ഷമവും വിശ്വാസ്യതയുള്ളതുമായ സേവനം ഉറപ്പാക്കാൻ കഴിഞ്ഞത് പ്രവർത്തകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും അവർ പറഞ്ഞു.
കേരള സർക്കാരിന്റെ പ്രവാസി ക്ഷേമ പദ്ധതികളിലേക്കും വിവിധ ആനുകൂല്യങ്ങളിലേക്കും പ്രവേശനം സുഗമമാക്കുന്നതിൽ നോർക്ക ഐഡി കാർഡിന് വലിയ പ്രാധാന്യമുണ്ട്. ഈ ബോധവൽക്കരണ സന്ദേശം കൂടുതൽ പ്രവാസികളിലേക്ക് എത്തിക്കാൻ ക്യാമ്പയിൻ വഴി സാധിച്ചതായും കമ്മിറ്റി വിലയിരുത്തി.
ഈ സംരംഭത്തിന്റെ വിജയത്തിനായി ആത്മാർത്ഥമായി പ്രവർത്തിച്ച പ്രവാസി സേവന കേന്ദ്രത്തിന്റെ മുഴുവൻ പ്രവർത്തകർക്കും, ആവശ്യമായ സഹകരണവും പിന്തുണയും നൽകിയ നോർക്ക അധികൃതർക്കും, ക്യാമ്പയിൻ വിജയിപ്പിക്കാൻ ഒപ്പം നിന്ന എല്ലാ സന്നദ്ധ പ്രവർത്തകർക്കും, വിശ്വാസമർപ്പിച്ച് സേവനം സ്വീകരിച്ച മുഴുവൻ പ്രവാസി സഹോദരങ്ങൾക്കും ഒ.ഐ.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ നന്ദിയും അഭിനന്ദനവും അറിയിച്ചു.
പ്രവാസികളുടെ വിവിധ ആവശ്യങ്ങൾക്ക് വേഗത്തിലും കാര്യക്ഷമമായും സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന “പ്രവാസി സേവന കേന്ദ്രം @ ജിദ്ദ” മുഖേന നോർക്ക സേവനങ്ങൾ, അറ്റസ്റ്റേഷൻ, രേഖാ സംബന്ധമായ മാർഗനിർദേശങ്ങൾ, ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട സഹായങ്ങൾ തുടങ്ങി വിവിധ സേവനങ്ങൾ ഇനിയും കൂടുതൽ വിപുലപ്പെടുത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. വി പി ഫൈസൽ മക്കരപ്പറമ്പ്, ഇസ്മായിൽ കൂരിപ്പൊയിൽ, കമാൽ കളപ്പാടൻ, സാജു റിയാസ്, ഉസ്മാൻ മേലാറ്റൂർ എന്നിവർ പ്രസംഗിച്ചു. ഗഫൂർ വണ്ടൂർ സ്വാഗതവും സമീർ പാണ്ടിക്കാട് നന്ദിയും പറഞ്ഞു.



