ടെഹ്റാൻ: അമേരിക്കയും ഇറാറ്റും തമ്മിലുള്ള സൈനിക സംഘർഷം വൻ യുദ്ധത്തിലേക്ക് നീങ്ങുന്നതിനിടെ, യുഎസിനും അതിന്റെ സഖ്യകക്ഷികൾക്കും നേരെ കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖാംനഈ. കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും ഒപ്പുവെച്ച താൽക്കാലിക ധാരണാപത്രം അമേരിക്ക ആവർത്തിച്ച് ലംഘിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശനിയാഴ്ച ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ വഴി പുറത്തുവിട്ട പ്രസ്താവനയിലാണ്, കരാർ ലംഘനങ്ങളിലൂടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒപ്പ് തികച്ചും ‘വിലകെട്ടതും അസാധുവുമാണെന്ന്’ തെളിഞ്ഞിരിക്കുകയാണെന്ന് ഖാംനഈ വ്യക്തമാക്കിയത്. ഭീഷണിയും ആധിപത്യ മനോഭാവവും ക്രൂരതയുമാണ് അമേരിക്കൻ നയങ്ങളുടെ അടിസ്ഥാനമെന്ന് ‘മഹാനായ പിശാച്’ (Great Satan) എന്ന് യുഎസിനെ വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
യുദ്ധം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന അമേരിക്കൻ ശത്രുക്കൾക്ക് ഇറാനും മേഖലയിലെ പ്രതിരോധ സഖ്യങ്ങളും ചേർന്ന് ഒരിക്കലും മറക്കാനാകാത്ത കടുത്ത പാഠങ്ങൾ നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇറാന്റെ പാലങ്ങൾ, റെയിൽവേ പാതകൾ, കുടിവെള്ള വിതരണം നടത്തുന്ന കടൽവെള്ള ശുദ്ധീകരണ പ്ലാന്റുകൾ തുടങ്ങിയ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം ശക്തമാക്കിയിരുന്നു. ഇതിന് മറുപടിയായി കുവൈറ്റിലെ സുപ്രധാന കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് അവിടെ കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയും ജനങ്ങളോട് വൈദ്യുതി ഉപയോഗം പരിമിതപ്പെടുത്താൻ അധികൃതർ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച ഈ യുഎസ്-ഇസ്രായേൽ സംയുക്ത നീക്കം രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെയുള്ള ഭീഷണിയായാണ് ഇറാന്റെ ഉന്നത നേതൃത്വം കാണുന്നത്.
ഖത്തറിന്റെയും പാകിസ്ഥാന്റെയും മധ്യസ്ഥതയിൽ രൂപീകരിച്ച സമാധാന കരാർ തകർന്നതോടെ, ട്രംപ് ഭരണകൂടത്തിന്റെ കടുത്ത ആവശ്യങ്ങൾക്ക് മുന്നിൽ വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ടെഹ്റാൻ. അതേസമയം, ഇറാന് പിന്തുണ പ്രഖ്യാപിച്ച് യമനിലെ ഹൂതി വിമതർ ചെങ്കടലിലേക്കുള്ള തന്ത്രപ്രധാനമായ ബാബ് അൽ-മന്ദേബ് (Bab al-Mandeb) സമുദ്രപാത അടച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇത് സംഭവിച്ചാൽ ആഗോള ഊർജ്ജ വിപണിയെയും എണ്ണവിലയെയും അത് സാരമായി ബാധിക്കുകയും അമേരിക്കയ്ക്കുമേൽ കടുത്ത സാമ്പത്തിക സമ്മർദ്ദം ചെലുത്താൻ കാരണമാകുകയും ചെയ്യും



