ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായോ യുഎസ് ഭരണകൂടവുമായോ ഉള്ള കരാറുകൾക്ക് യാതൊരുവിധ വിശ്വാസ്യതയുമില്ലെന്ന് വ്യക്തമാക്കി ഇറാന്റെ പരമോന്നത നേതാവ് മുജ്‌തബ ഖാംനഈ. ഒപ്പുവെച്ച താൽക്കാലിക ധാരണാപത്രത്തിൽ (MoU) നിന്ന് ഇരുരാജ്യങ്ങളും പരസ്പരം പിന്മാറുകയും പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ സൈനിക സംഘർഷം കനക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ കടുത്ത പ്രതികരണം. ഡൊണാൾഡ് ട്രംപിന്റെ ഒപ്പിന് യാതൊരു വിലയുമില്ലെന്നും അതൊരിക്കലും വിശ്വസിക്കാൻ കൊള്ളാത്ത തികച്ചും അസാധുവായ ഒന്നാണെന്നും അദ്ദേഹം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ മാസം ഒപ്പുവെച്ച താൽക്കാലിക കരാറിന്റെ ലംഘനമാണ് ഇപ്പോൾ നടക്കുന്നതെന്ന് ഇരുവിഭാഗവും ആരോപിക്കുന്നതിനിടയിലാണ് ഇറാന്റെ പരമോന്നത നേതാവിന്റെ നിലപാട് പുറത്തുവന്നിരിക്കുന്നത്. ഇറാനെ ചർച്ചാ മേശയിലേക്ക് തിരികെ എത്തിക്കാൻ യുഎസ് ഉപരോധങ്ങളും വ്യോമാക്രമണങ്ങളും ശക്തമാക്കുമ്പോൾ, ഒപ്പിട്ട കരാറുകൾ പോലും പാലിക്കാത്തവരുമായി ഇനി ചർച്ചകൾക്കില്ലെന്ന കർശന സന്ദേശമാണ് ഇറാൻ നൽകുന്നത്. അമേരിക്കൻ ഭരണകൂടത്തിന്റെ വാഗ്ദാനങ്ങളും ഒപ്പുകളും കേവലം കൺകെട്ടുവിദ്യകൾ മാത്രമാണെന്നും, രാജ്യത്തിന്റെ പരമാധികാരവും പ്രതിരോധവും സംരക്ഷിക്കുന്നതിലാണ് ഇറാൻ ഇപ്പോൾ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



