ന്യൂഡൽഹി: ഇന്ത്യയിലെ പുതിയ യു.എ.ഇ അംബാസഡറായി നിയമിതനായ അബ്ദുല്ല അൽ നുഐമി തന്റെ നിയമനപത്രത്തിന്റെ പകർപ്പ് ഔദ്യോഗികമായി കൈമാറി. ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ആക്ടിങ് ചീഫ് ഓഫ് പ്രോട്ടോക്കോളിനാണ് അദ്ദേഹം രേഖകൾ കൈമാറിയത്.
ചടങ്ങിൽ പുതിയ അംബാസഡർക്ക് ഇന്ത്യയുടെ ഊഷ്മളമായ സ്വീകരണം നൽകുകയും അദ്ദേഹത്തിന്റെ പുതിയ ഔദ്യോഗിക ദൗത്യങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു. ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തവും ഉഭയകക്ഷി ബന്ധവും സാമ്പത്തിക, നയതന്ത്ര, സാംസ്കാരിക മേഖലകളിൽ കൂടുതൽ ശക്തിപ്പെടുത്താൻ അദ്ദേഹത്തിന്റെ സേവനത്തിന് സാധിക്കട്ടെയെന്ന് ആക്ടിങ് ചീഫ് ഓഫ് പ്രോട്ടോക്കോൾ പ്രത്യാശ പ്രകടിപ്പിച്ചു. പുതിയ അംബാസഡറുടെ ഔദ്യോഗിക ദൗത്യങ്ങൾ സുഗമമാക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്നതിനും ആവശ്യമായ എല്ലാവിധ പിന്തുണയും സഹകരണവും നൽകുമെന്ന് ഇന്ത്യൻ ഭരണകൂടം വാഗ്ദാനം ചെയ്തിട്ടുണ്ട്.



