പാർലമെന്റ് ഉപരോധിച്ച് സമരക്കാർ; ഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമായ ലത്തിച്ചാർജ്ജ്

ന്യൂഡൽഹി: ലഡാക് വിഷയത്തിലും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭം അതിരൂക്ഷമായ സംഘർഷത്തിലേക്ക് വഴിമാറി. ജന്തർ മന്തറിലെ മാർച്ച് അധികൃതർ വിലക്കിയതോടെ റൈസീന റോഡ്, റെയിൽ ഭവൻ, സൻസദ് മാർഗ്, റകബ് ഗഞ്ച് എന്നീ ഭാഗങ്ങളിലൂടെ പതിനായിരക്കണക്കിന് സമരക്കാർ കൂട്ടത്തോടെ പാർലമെന്റിലേക്ക് മാർച്ച് ചെയ്തു. ബാരിക്കേഡുകൾ വെച്ച് പൊലീസ് ഇവരെ തടയാൻ ശ്രമിച്ചതോടെ പാർലമെന്റിലേക്കുള്ള നാല് പ്രധാന പാതകളും ഉപരോധത്തിലാവുകയും മണിക്കൂറുകളോളം പാർലമെന്റിന്റെ എല്ലാ കവാടങ്ങളും അടച്ചിടേണ്ടി വരികയും ചെയ്തു. സമരക്കാർ തള്ളിക്കയറുമെന്ന ആശങ്ക ശക്തമായതോടെ ഉച്ചയ്ക്ക് 12 മണിയോടെ പാർലമെന്റ് വളപ്പിലേക്കുള്ള ഗേറ്റുകളും പൂർണ്ണമായും അടച്ചുപൂട്ടി. തുടർന്ന് പ്രതിഷേധക്കാർക്ക് നേരെ പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും കണ്ണീർവാതകവും അതിക്രൂരമായ ലാത്തിച്ചാർജ്ജും അഴിച്ചുവിടുകയായിരുന്നു.

നിയമപരമായി അറസ്റ്റ് ചെയ്തു നീക്കുന്നതിന് പകരം സമരക്കാരെ പരമാവധി മർദ്ദിച്ച് പരിക്കേൽപ്പിച്ച് അടിച്ചോടിക്കാനാണ് അധികൃതർ ശ്രമിച്ചതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. പൊലീസിനും ദ്രുത കർമസേനയ്ക്കും പുറമെ ഹെൽമറ്റും മുഖംമൂടിയും ധരിച്ച സംഘങ്ങളും വിദ്യാർത്ഥികളെ ക്രൂരമായി തല്ലിച്ചതച്ചു. കൈകാലുകൾ ഒടിയുകയും ശരീരമാസകലം രക്തം വാർന്ന് പരിക്കേൽക്കുകയും ചെയ്ത നൂറുകണക്കിന് വിദ്യാർത്ഥികളെയും ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയവരെയും ആശുപത്രിയിലാക്കാൻ പോലും കൂട്ടാക്കാതെ പൊലീസ് വാനുകളിൽ പൂട്ടിയിട്ടു. ഇത്തരം ഒരു വാനിൽ പൂട്ടിയിട്ടിരുന്ന ഡസനോളം പരിക്കേറ്റ പ്രതിഷേധക്കാരെ കേരളത്തിൽ നിന്നുള്ള സി.പി.എം എം.പിമാരായ ജോൺ ബ്രിട്ടാസ്, എ.എ. റഹീം, വി. ശിവദാസൻ എന്നിവർ ഇടപെട്ട് വാൻ തുറന്ന് മോചിപ്പിച്ചത് സ്ഥലത്ത് വലിയ വാഗ്വാദത്തിന് ഇടയാക്കി. സമാനതകളില്ലാത്ത മനുഷ്യത്വരഹിതമായ നടപടിയാണ് ഡൽഹി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ലഡാക് പ്രക്ഷോഭ നേതാവ് സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക്, എസ്.പി നേതാവ് ഇഖ്റാ ഹസൻ എന്നിവരും സി.ജെ.പി വക്താവ് സൗരവ് ദാസും ആരോപിച്ചു. വിദ്യാർത്ഥിനികളെ പുരുഷ പൊലീസുകാർ വസ്ത്രങ്ങൾ വലിച്ചുകീറി ഉപദ്രവിച്ചതായും ആരോപണമുണ്ട്.

പാർലമെന്റ് പരിസരത്തുനിന്ന് പ്രക്ഷോഭകരെ അടിച്ചോടിച്ച ശേഷം വൈകുന്നേരത്തോടെ സമര കേന്ദ്രമായ ജന്തർ മന്തറിലേക്ക് ഇരച്ചുകയറിയ പൊലീസ് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ അടക്കമുള്ള പ്രമുഖ നേതാക്കളെ കസ്റ്റഡിയിലെടുത്തു. കൂടാതെ സമരപ്പന്തലുകളും വേദികളും പൂർണ്ണമായും പൊളിച്ചുനീക്കുകയും ചെയ്തു. എന്നാൽ, കടുത്ത പ്രതിരോധത്തിന് ശേഷം രാത്രിയോടെ സമരക്കാരെത്തി ജന്തർ മന്തറിലെ സമരവേദി വീണ്ടും പുനഃസ്ഥാപിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles