തായിഫ്: ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി യംഗ് ഇന്ത്യ സ്ട്രോങ്ങ് ഡെമോക്രസി എന്ന പ്രമേയത്തിൽ ഐസിഎഫ് തായിഫ് റീജിയൺ ജനസഭ സംഘടിപ്പിച്ചു.ഐസിഎഫ് ത്വായിഫ് റീജിയൺ പ്രസിഡന്റ് കബീർ മുസ്ലിയാരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സൈദലവി അരീക്കോട് ഉദ്ഘാടനം ചെയ്തു . ആലിക്കുട്ടി ഫൈസി പ്രമേയഭാഷണം നടത്തി.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിച്ച് മുന്നോട്ട് പോകാൻ ഭരണകർത്താക്കൾ തയ്യാറാകണമെന്ന് യോഗം അഭിപ്രായപ്പെട്ടു. വിവിധ മതവിഭാഗങ്ങൾ പരസ്പര ഐക്യത്തോടെയും സാഹോദര്യത്തോടെയും ജീവിക്കുന്ന നമ്മുടെ നാടിന്റെ മതേതര പാരമ്പര്യത്തിന് വർഗീയ ശക്തികൾക്ക് യാതൊരു വിധത്തിലും കളങ്കം വരുത്താൻ സാധിക്കില്ലെന്നും യോഗം വിലയിരുത്തി.
മുൻഗാമികൾ പകർന്നു നൽകിയ സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും പാത പിന്തുടർന്ന് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ജനസഭ ആഹ്വാനം ചെയ്തു. മുസ്തഫ മുസ്ലിയാർ, അബ്ദുറഹ്മാൻ വലിയോറ, മുജീബ് കാരശ്ശേരി എന്നിവർ സംബന്ധിച്ചു. അബ്ദുൽ ബാരി സ്വാഗതവും സലാം എളാട് നന്ദിയും പറഞ്ഞു.



