വിവാഹമോചന കേസിന്റെ വിരോധം: ഭാര്യയെയും അമ്മയെയും പെട്രോളൊഴിച്ച് കൊല്ലാ൯ ശ്രമം; പ്രതിക്കും ഗുരുതര പൊള്ളൽ

കണ്ണൂർ: വിവാഹമോചനത്തിനായി കേസ് കൊടുത്തതിന്റെ വിരോധത്തിൽ ഭാര്യയെയും ഭാര്യമാതാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ യുവാവിന്റെ ശ്രമം. ആക്രമണത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിക്കും ഗുരുതരമായി പൊള്ളലേറ്റു. ഞായറാഴ്ച രാത്രി പത്തു മണിയോടെ കരിവെള്ളൂർ കൂക്കാനത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കൂക്കാനം മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ വലിയ വളപ്പിൽ പി. പത്മിനി (56), മകൾ പി. പ്രജിഷ (37) എന്നിവർക്കാണ് പൊള്ളലേറ്റത്. പ്രജിഷയുടെ ഭർത്താവും പെരളം സ്വാമിമുക്ക് വരീക്കര സ്വദേശിയുമായ സി.വി. സനൽകുമാറാണ് (46) ആക്രമണം നടത്തിയത്. പ്രജിഷയുടെ പിതാവ് വി.വി. പ്രഭാകരന്റെ പരാതിയിൽ സനൽകുമാറിനെതിരെ പയ്യന്നൂർ പോലീസ് വധശ്രമത്തിന് കേസ് എടുത്തു.

രാത്രി പത്മിനിയും പ്രജിഷയും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീടുകയറിയെത്തിയ സനൽകുമാർ കയ്യിൽ കരുതിയ പെട്രോൾ ഇരുവരുടെയും മേലൊഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് പുറത്തേക്കോടിയ പ്രതി സ്വയം തീകൊളുത്തി ആത്മഹത്യയ്ക്കും ശ്രമിച്ചു. ബഹളം കേട്ടെത്തിയവർ ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ഉടൻ തന്നെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, പ്രാഥമിക ചികിത്സയ്ക്ക് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

സ്വയം തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ സനൽകുമാർ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്; ഇയാളുടെ നില ഗുരുതരമായി തുടരുന്നു. തീപിടുത്തമുണ്ടാകുമ്പോൾ വീട്ടിലുണ്ടായിരുന്ന ഗൃഹനാഥൻ പ്രഭാകരനും പേരക്കുട്ടികളും തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഭർത്താവിനെതിരെ പ്രജിഷ വിവാഹമോചന കേസ് ഫയൽ ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles